കൊച്ചി: മീനച്ചിലാറ്റിലെയടക്കം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ട്രെയിനുകൾ വൈകിയോടുന്നു. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിലാണ് തീവണ്ടി ഗതാഗതത്തെ കനത്ത മഴ പ്രതികൂലമായി ബാധിച്ചത്.

“നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാലങ്ങളുടെ സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ട്രെയിനുകൾ സർവ്വീസ് നടത്താൻ പാടുളളൂ. അതിനാൽ എറണാകുളം-തിരുവനന്തപുരം റൂട്ടിൽ പലയിടത്തും ട്രെയിനുകൾ വൈകിയോടുന്നുണ്ട്,” ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വക്താവ് ഷെബി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ആലപ്പുഴയിൽ നിന്നും കണ്ണൂർ വരെ പോകുന്ന 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ് 45 മിനിറ്റാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹി വരെ പോകുന്ന 12625 നമ്പർ ട്രെയിൻ മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.

ആലപ്പുഴയിൽ നിന്നും ചെന്നൈ സെൻട്രൽ വരെ പോകുന്ന ആലപ്പുഴ-ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് (22640) 25 മിനിറ്റ് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിയിൽ നിന്നും കെഎസ്ആർ ബെംഗളൂരു സിറ്റി വരെ പോകുന്ന 16525 നമ്പർ ട്രെയിൻ ഇപ്പോൾ രണ്ട് മണിക്കൂർ വൈകി ഓടുകയാണ്. ഇതിന് പുറമെ 12624 നമ്പർ തിരുവനന്തപുരം – ചെന്നൈ മെയിൽ 45 മിനിറ്റാണ് വൈകി ഓടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ