Latest News

സിഗ്നൽ സംവിധാനം തകരാറിലായി; തിരുവനന്തപുരത്തേക്കുളള ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കൊച്ചിയിലേക്കുളള ട്രയിനുകൾക്ക് മുൻപരിഗണന നൽകി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ സംവിധാനം തകരാറിലായത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഇതേ തുടർന്ന് തിരുവനന്തപുരത്തേക്കുളള ട്രെയിനുകൾ ഇതിന് മുൻപുളള സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ 11.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ചെന്നൈ-തിരുവനന്തപുരം മെയിൽ വരെ വൈകിയോടുന്നതായാണ് വിവരം.

“രാവിലെ ലോകോ ഷണ്ടിംഗിനായി കൊണ്ടുപോകുമ്പോൾ ട്രാക്കിൽ കുടുങ്ങി. ഇതോടെ സിഗ്നൽ സംവിധാനം പ്രവർത്തിക്കാതെയായി. ഇലക്ട്രോണിക് സംവിധാനം തകരാറിലായതോടെ ശാരീരിക പ്രയത്നത്തിലൂടെയാണ് ട്രയിൻ സിഗ്നൽ സംവിധാനം നിയന്ത്രിക്കുന്നത്. അതാണ് ട്രയിൻ വൈകാൻ കാരണമായിരിക്കുന്നത്. ഇതിനായി ഓരോ ഇന്റർലോകിലും ഗതാഗതം നിയന്ത്രിക്കാൻ മനുഷ്യപ്രയത്നത്തിലൂടെയാണ് ശ്രമിക്കുന്നത്.” റെയിൽവെ വക്താവ് ഷെബി കെ ലാൽ പറഞ്ഞു.

കഴക്കൂട്ടം, പേട്ട, കൊച്ചുവേളി തുടങ്ങിയ സ്റ്റേഷനുകളിലാണ് ട്രെയിനുകൾ മണിക്കൂറുകളായി നിർത്തിയിട്ടിരിക്കുന്നത്. ഏതൊക്കെ ട്രയിനുകളാണ് വൈകിയോടുന്നതെന്ന് കൃത്യമായി വിവരം ലഭിച്ചില്ലെന്നാണ് ഷെബി വ്യക്തമാക്കിയത്. അതേസമയം തിരുവനന്തപുരം ജങ്ഷനിൽ നിന്നും കൊല്ലത്തേക്കുളള ട്രെയിനുകൾ സമയബന്ധിതമായി സർവ്വീസ് നടത്താൻ മുൻഗണന നൽകുന്നതായി അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തേക്ക് എത്തിച്ചേരേണ്ട കേരള എക്സ്‌പ്രസ് വരെയുളള ട്രെയിനുകൾ വൈകുമെന്നാണ് ഇപ്പോഴത്തെ അനുമാനം.

Web Title: Train service to trivandrum disrupted after signal system fault

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com