കോഴിക്കോട്: ലോക്ക്ഡൗൺ കേരളത്തിൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചു. തിരുവനന്തപുരത്തേക്കുള്ള​ ജനശതാബ്ദി എക്‌സ്‌പ്രസാണ് ആദ്യം പുറപ്പെട്ടത്. എന്നാൽ കണ്ണൂരിൽ നിന്നും 4.50ന് പുറപ്പെടേണ്ട ട്രെയിൻ മുന്നറിയിപ്പൊന്നുമില്ലാതെ കോഴിക്കോട്ട് നിന്നാണ് പുറപ്പെട്ടത്. ഇത് യാത്രക്കാരെ വലച്ചു. കോഴിക്കോട്ട് നിന്നും നിശ്ചയിച്ച പ്രകാരമുള്ള സമയത്തു തന്നെയാണ് ട്രെയിൻ പുറപ്പെട്ടത്.

കണ്ണൂരിൽനിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു എന്നും എന്നാൽ യാത്രക്കാരെ പരിശോധിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതിനാലാണ് ഇത് റദ്ദാക്കേണ്ടി വന്നതെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്നും അവർ പറഞ്ഞു.

Read More: ട്രെയിന്‍ സര്‍വ്വീസ് ഇന്ന് മുതല്‍, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

വരും ദിവസങ്ങിലും ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിൽ നിന്നും പുറപ്പെടുമോയെന്നകാര്യത്തിലോ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട വണ്ടി കണ്ണൂരിൽ എത്തുമോ എന്ന കാര്യത്തിലോ ഇതുവരെ വ്യക്തമല്ല.

സംസ്ഥാനത്ത് ഇന്ന് മുതൽ ഏഴ് ട്രെയിൻ സർവീസുകളാണ് ഉണ്ടാവുക. സംസ്ഥാനത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നവയാണ് നാലു ട്രെയിനുകൾ, കൊങ്കൺ വഴി മുംബൈയിലേക്കും ഡൽഹിയിലേക്കും. ജൂൺ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂൺ 10 മുതൽ മൺസൂൺ ഷെഡ്യൂൾ പ്രകാരവും ട്രെയിനുകൾ സർവീസ് നടത്തും.

രാജ്യത്താകെ സമയക്രമം അനുസരിച്ചുള്ള ട്രെയിൻ സർവീസുകൾ ജൂൺ ഒന്നു മുതൽ ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ട്രെയിനുകളോടിത്തുടങ്ങുന്നത്. ഇരു ദിശകളിലേക്കുമായി 115 വീതം ട്രെയിനുകളാണ് രാജ്യത്ത് ഓടിത്തുടങ്ങുക.

ജൂൺ ഒന്നിന് രാജ്യത്താകെ ഒന്നര ലക്ഷത്തോളം യാത്രക്കാർ ട്രെയിനുകളിൽ സഞ്ചരിക്കുമെന്നാണ് റെയിൽവേ കണക്കാക്കുന്നത്. ജൂൺ 29 മുതൽ തത്ക്കാൽ ബുക്കിങ്ങ് അനുവദിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപാണ് ആദ്യ ചാർട്ട് തയ്യാറാക്കുക. രണ്ടാമത്തെ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുൻപും തയ്യാറാക്കും. 30 മിനുറ്റ് മുൻപായിരുന്നു നേരത്തേ രണ്ടാമത്തെ ചാർട്ട് തയ്യാറാക്കിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.