കൊച്ചി: റെയിൽവേ നടപ്പാക്കിയ പുതിയ ട്രെയിൻ സമയപരിഷ്കരണത്തിനെതിരെ പരാതി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചല്ല ഈ മാറ്റമെന്ന് ട്രെയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രസ്താവനയിൽ പറഞ്ഞു. ഈസമയമാറ്റം കൊണ്ട് യാത്രക്കാർക്കോ റെയിൽവേയ്ക്കോ യാതൊരു ലാഭവും ഉണ്ടാകുന്നില്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു.
പല ട്രെയിനുകളുടെയും പ്രധാന സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് മിനിറ്റ് മുതൽ അരമണിക്കൂർ വരെ ചില സ്റ്റേഷനിൽ ട്രെയിൻ നേരത്തെ എത്തിച്ചേരുന്ന തരത്തിലാണ് ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ട്രെയിൻ ആരംഭിക്കുന്ന സമയത്തിലും അവസാനിക്കുന്ന സമയത്തിലും മാറ്റം വരുത്താതെ ചില സ്റ്റേഷനുകളിൽ ഒരുപാട് നേരത്തെ പുറപ്പെട്ടും ചില സ്റ്റേഷനുകളിൽ പിടിച്ചിട്ടും റെയിൽവേ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുകയാണെന്നും സംഘടന പറയുന്നു.
“സ്ഥിരയാത്രക്കാരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്ന നിലപാടുകളാണ് റെയിൽവേ തുടർച്ചയായി സ്വീകരിച്ചുവരുന്നതെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് അഭിപ്രായപ്പെടുന്നു. കോട്ടയത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ ഒരു ട്രെയിൻ എന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. മടക്കയാത്രയ്ക്ക് ട്രെയിൻ ഇല്ലാതിരുന്ന കോട്ടയം ഭാഗത്തെ യാത്രക്കാർ ആശ്രയിച്ചിരുന്ന ശബരി, പരശുറാം എക്സ്പ്രസ്സുകളുടെ സമയം യഥാക്രമം ഒരുമണിക്കൂറും അരമണിക്കൂറും നേരത്തെ ആക്കിയതോടെ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല തുടങ്ങിയ ഭാഗത്തു നിന്നുള്ള സ്ഥിരയാത്രക്കാർക്കാർക്ക് പോലും നിലവിലെ സമയം അനുകൂലമല്ല,” സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
Also Read: വ്യാഴാഴ്ച വരെ കനത്ത മഴ; കൂടുതല്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
“കേരള എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെടുന്ന രീതിയിലാണ് ഇപ്പോൾ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇത് കാരണം കേരള എക്സ്പ്രസ്സ് കടന്നുപോകാനായി വേണാട് കാത്തുകിടക്കുന്നത് സ്ഥിരം സംഭവമാണ്. കേരളയുടെ സമയം നാല് മണി നാല് മുപ്പതിലേയ്ക്ക് മാറ്റിയാൽ വേണാടിന്റെ സമയത്തെ ബാധിക്കുകയുമില്ല, കോട്ടയം ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു.
“ഏറനാട് എക്സ്പ്രസ്സിന്റെ എറണാകുളം ജംഗ്ഷനിലെ സമയം മുന്നോട്ട് ആക്കിയതിനാൽ ഓഫീസ് ജീവനക്കാർക്ക് പ്രയോജനപ്പെടുന്നില്ല. അതേസമയം 04 30 ന് ശേഷമോ ജനശതാബ്ദിയ്ക്ക് പിറകിലായോ സമയം ക്രമീകരിക്കുകയായിരുന്നെങ്കിൽ ഒരുപാട് യാത്രക്കാർക്ക് ഗുണം ലഭിച്ചേനെ.”
“അതുപോലെ എറണാകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 09 10 നും 09 15 നും അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ 2 സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ബാംഗ്ലൂർ ഇന്റർസിറ്റി, കോഴിക്കോട് ശതാബ്ദി ട്രെയിനുകൾ അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ ഒരേ ട്രാക്കിൽ സർവീസ് നടത്തുന്ന വിധത്തിൽ സമയം ക്രമീകരിച്ചതിലൂടെ ഇത്തവണത്തെ പരിഷ്കരണത്തിലെ അപാകത വ്യക്തമാണ്,” പ്രസ്താവനയിൽ പറയുന്നു.
Also Read: ഇന്ധന നിരക്ക്: ഡീസല്‍ വില റെക്കോര്‍ഡില്‍, 100 കടന്നു