കോഴിക്കോട്: ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്നാണ് അന്വേഷണ സംഗത്തിന്റെ നിഗമനം. കണ്ണൂരില്‍ എത്തിയശേഷം ഷാറൂഖിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിവരം.
രണ്ടാം തീയതി പുലര്‍ച്ചെ 4.30 നാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്. കണ്ണൂരിലേക്കുള്ള എക്സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നും. പകല്‍ ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയെല്ലാം പോയി, ആരെല്ലാമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയവ അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്.
ട്രാക്കില്‍ നിന്ന് ലഭിച്ച പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് ഭക്ഷണപാത്രം കണ്ടെത്തിയിരുന്നു. ഒട്ടും പഴക്കമില്ലാത്ത ഭക്ഷണമായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. ഷൊര്‍ണൂരിലെത്തിയ ഷാറൂഖിന് ഭക്ഷണം എത്തിച്ചു നല്‍കിയത് ആരാണെന്നും അന്വേഷിക്കുന്നുണ്ട്. ആരെങ്കിലും വീട്ടിലുണ്ടാക്കി നല്‍കിയ ഭക്ഷണമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.
മറ്റൊരു കോച്ചിലേക്ക് കൂടി തീയിടാന്‍ ഷാറൂഖ് പദ്ധതിയിട്ടിരുന്നതായി പൊലീസ് സൂചിപ്പിച്ചു. ഡി1 കോച്ചില്‍ തീയിട്ടു. ഡി 2 കോച്ചിലേക്കും തീയിടാനാണ് രണ്ടു കുപ്പി പെട്രോള്‍ കയ്യില്‍ കരുതിയത്. എന്നാല്‍ ഡി1 കോച്ചില്‍ തീയിട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി പരക്കം പാഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. ഇതിനിടെയാണ് ഷാറൂഖിന്റെ ബാഗ് ട്രെയിനില്‍ നിന്നും താഴെ വീഴുന്നതുമെന്ന് പൊലീസ് സൂചിപ്പിച്ചു.
കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഡിജിപി അനില്‍കാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയില്‍ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.