കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് ഷാരൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.
ഷാരൂഖിനെ കണ്ണൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതീവ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയതെന്നാണ് മൊഴി. പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയല്‍ പരേഡുള്‍പ്പെടെ നടത്തുകയും ചെയ്തു. പമ്പില്‍ നിന്നും പ്രതിയെ കേസിലെ മറ്റൊരു പ്രധാന കേന്ദ്രമായ റെയില്‍വേ സ്റ്റേഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു.
ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്നാണ് എഡിജിപി എം.ആര്‍.അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും എഡിജിപി വ്യക്തമാക്കി. ഷാരൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. സാക്കീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വീഡിയോ ഷാരൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
കേസില്‍ മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി. മറ്റ് സംസ്ഥാന പൊലീസുമായും കേന്ദ്ര ഏജന്‍സികളുമായും അന്വേഷണം നടത്തി. കിട്ടിയ എല്ലാ തെളിവുകളെയും അടിസ്ഥാനമാക്കിയാണ് യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.