തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പാലിയേക്കര ടോള്‍ ഗേറ്റ് തുറന്നിട്ടു. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ടോള്‍ ഗേറ്റ് തുറന്നത്. ഇന്ന് ഉച്ചയോടെയാണ് ടോള്‍ തുറന്നത്. ആമ്പല്ലൂര്‍ റോഡില്‍ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ടോള്‍ ഗേറ്റിന് മുന്നില്‍ വാഹനങ്ങള്‍ നിരന്നതോടെ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. ഇതോടെയാണ് ടോള്‍ ഗേറ്റ് തുറക്കാന്‍ തീരുമാനിച്ചത്. ആമ്പല്ലൂരിലും ചാലക്കുടിയിലും അങ്കമാലിയിലും വാഹനങ്ങളുടെ തിരക്ക് പതിവിലും കൂടുതലാണ്.

ഓണാവധിക്ക് ശേഷമുള്ള തിരക്കാണിത്. സർക്കാർ ജീവനക്കാർക്കും ബാങ്ക് ജീവനക്കാർക്കും തുടര്‍ച്ചയായി ലഭിച്ച അവധി ഇന്ന് അവസാനിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ എട്ടാം തീയതി മുതൽ അവധിയായിരുന്നു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള അവധിക്ക് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇതാണ് ഇന്ന് റോഡുകളിൽ ഇത്ര തിരക്കിന് കാരണം.

ഓണം സീസണായതിനാൽ ഷോപ്പിങ്ങിനും മറ്റ് പരിപാടികൾകൾക്കുമായി പോകുന്നവരുടെ എണ്ണവും കൂടുതലാണ്. ഓണം അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ചൊവ്വാഴ്ചയാണ് തുറക്കുക. അവധിക്കാലം അവസാനിക്കുന്നതും തിരക്കിന് കാരണമാണ്. ഉത്രാടം മുതൽ തൃശൂർ നഗരത്തിലും തിരക്ക് കൂടുതലാണ്. ഇന്നലെ പുലിക്കളിയോട് അനുബന്ധിച്ച് നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.