ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. കായംകുളം – പുനലൂർ റോഡിൽ പരിശോധന നടത്തുകയായിരുന്ന എഎസ്‌ഐ അമീർഖാനാണ് പരിക്കേറ്റത്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് അമീര്‍ഖാന്‍. വൈകിട്ട് നാല് മണിയോടെ മുരിക്കുമ്മൂട്ടില്‍ വച്ചായിരുന്നു സംഭവം.
വാഹന പരിശോധനയ്ക്കിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് മൂന്ന് പേരുമായി എത്തിയ ബൈക്ക് തടയാന്‍ ശ്രമിക്കുകയായിരുന്നു എഎസ്ഐ. എന്നാല്‍ ഈ വാഹനം പൊലീസിനെ വെട്ടിച്ച് കടന്നു പോയി. ഇതിന് പിന്നാലെയെത്തിയ ബൈക്കാണ് നിയന്ത്രണം വിട്ട് ഉദ്യോഗസ്ഥനെ ഇടിച്ചത്. അമീര്‍ഖാന്റെ കാലിലൂടെ ടയര്‍ കയറി ഇറങ്ങി.
കാലിന് പുറമെ അമീര്‍ഖാന്റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ചു കടന്ന മൂന്ന് പേരെയും മറ്റൊരു സ്ഥലത്ത് വച്ച് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.