തിരുവനന്തപുരം: സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലോടുന്നത്. ഇന്നലെ അർധരാത്രി മുതൽ ഇന്നു രാത്രി 12 വരെയാണു പണിമുടക്ക്.

തൊഴിലാളി സംഘടനകൾ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണു മാർച്ച് നടത്തിയത്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. അതേസമയം, ബിഎംഎസ് പണിമുടക്കിൽനിന്നും വിട്ടുനിൽക്കുകയാണ്.

കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യബസ് ജീവനക്കാരും ഓട്ടോ–ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു. എന്നാൽ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.