/indian-express-malayalam/media/media_files/uploads/2017/04/t-p-senkumar-759.jpg)
തിരുവനന്തപുരം: സെൻകുമാർ കേസിൽ സർക്കാർ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയോട് നിയമോപദേശം തേടി. ജേക്കബ് തോമസ് ഉൾപ്പെടെയുളളവരുടെ നിയമനത്തെ സുപ്രീംകോടതി വിധി ബാധിക്കുമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. അങ്ങനെയെങ്കിൽ പൊലീസ് മേധാവി സ്ഥാനത്തെത്താൻ സെൻകുമാറിന് ഇനിയും കാത്തിരിക്കേണ്ടി വരും.
സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീംകോടതി വിധി വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഇതുവരെ സെൻകുമാറിനു നിയമനം നൽകിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. കോടതി വിധി നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോ എന്ന കാര്യവും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്രയും പെട്ടെന്ന് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിയമിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയത്. പകരം ലോക്‌നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചു. ഇതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.