തിരുവനന്തപുരം:​ സംസ്ഥാന പൊലീസ് മേധാവിയായി ടി.പി.സെൻകുമാർ വീണ്ടും ചുമതലയേറ്റു. ഇന്ന് വൈകിട്ടാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെത്തി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. സർക്കാരുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കുറഞ്ഞ സമയത്തിനുള്ളിൽ സ്ത്രീസുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ കാര്യക്ഷമമാക്കുമെന്ന് പറഞ്ഞു.

“നാട്ടിലെ എല്ലാ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹം. മുഖ്യമന്ത്രി തന്നെ നാല് റേഞ്ച് യോഗങ്ങൾ കൈകാര്യം ചെയ്തിരുന്നു. മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ ഔദ്യോഗികമായ കാര്യങ്ങൾ ലഭിക്കും. അതിന് പ്രാധാന്യം നൽകും.” അദ്ദേഹം പറഞ്ഞു.

“സ്ത്രീസുരക്ഷയ്ക്കാണ് മറ്റൊരു മുഖ്യ പ്രാധാന്യം. നാട്ടിൽ അപകട മരണങ്ങൾ വൻതോതിൽ കൂടുന്നുണ്ട്. അത് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പരമാവധി സ്ഥലത്ത് കൂടുതൽ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം കാര്യക്ഷമമാക്കാൻ ശ്രമിക്കും.”​അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിവൈഎസ്‌പിമാരുടെ സ്ഥലം മാറ്റം സർക്കാരിന്റെ തീരുമാനമാണെന്നും അക്കാര്യത്തിൽ മാറിപ്പോയ ഡിജിപി യോ താനോ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡിജിപി വ്യക്തമാക്കി. അതേസമയം, നിയമപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“സർക്കാർ എന്റെ ഭാഗത്ത് നിന്ന് ഏറ്റവും നല്ല പ്രകടനമായിരിക്കും പ്രതീക്ഷിക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് ഞാനും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ആ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടൽ സർക്കാരിന്റെ ഭാഗത്ത് നിന്നോ എന്റെ ഭാഗത്ത് നിന്നോ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ലെ”ന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഇടയിൽ ഏതെങ്കിലും ഉപദേഷ്ടാവുണ്ടെന്ന് താൻ ഇതുവരെ മനസിലാക്കിയിട്ടില്ലെന്ന് ടിപി സെൻകുമാർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയോടാകും ഉപദേഷ്ടാവ് ഇക്കാര്യം സംസാരിക്കുകയെന്നും ഡിജിപിയോട് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

“ജിഷ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി പറയാൻ സാധിക്കില്ല. എന്റെ സ്ഥാനചലനം സംബന്ധിച്ച് എന്തെങ്കിലും പറയുന്നത് ജൂനിയർ ബാച്ചുകാരായ ഐപിഎസ് ഉദ്യോഗസ്ഥരെ ബാധിക്കും. അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല.”

മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഏറ്റവും വേഗത്തിൽ തന്നെ മുഖ്യമന്ത്രിയെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുമായുള്ള പ്രശ്നങ്ങൾ എങ്ങിനെ തീർക്കണമെന്ന ചോദ്യത്തിന് നിർദ്ദേശങ്ങൾ മാധ്യമപ്രവർത്തകരിൽ നിന്ന് തന്നെ അദ്ദേഹം ആരാഞ്ഞു. “തന്റെ പ്രവർത്തനം സുഗമമാകാതിരിക്കുന്നതിനുള്ള ഔദ്യോഗിക പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല.

“പൊലീസ് നിയമപരമായി തന്നെ ഇടപെട്ടാൽ ജനങ്ങൾക്കിടയിൽ എപ്പോഴും നല്ല പ്രതിച്ഛായ നേടിയെടുക്കാനാകും. എന്നാൽ എപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താൻ പൊലീസിന് സാധിക്കില്ലെന്നും” അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ