തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി.പി.സെൻകുമാർ കാലാവധി പൂർത്തിയാക്കി. ഇതോടെ വീണ്ടും ലോക്നാഥ് ബെഹ്റ ഡിജിപിയായി സ്ഥാനമേൽറ്റു. വിരമിക്കുന്ന ഡിജിപി ടിപി സെൻകുമാർ പൂച്ചെണ്ട് നൽകി സ്ഥാനമേൽക്കുന്ന ഡിജിപി ബെഹ്റയെ ആശംസകൾ അറിയിച്ചു.

സ്ഥാനം കൈമാറിയ ശേഷം സെൻകുമാർ പൊലീസ് ആസ്ഥാനത്ത് നിന്നും വീട്ടിലേക്ക് മടങ്ങി. ഇതോടെ വീണ്ടും ഡിജിപി ആയ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധികചുമതല കൂടി സർക്കാർ ഏൽപ്പിച്ചിട്ടുണ്ട്.

“പോലീസ് സേനയിൽ അഴിമതി അധികമാണെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തേ ഞാൻ ഡിജിപി ആയിരുന്നപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. അന്നത്തെ വിജിലൻസ് ഡയറക്ടറും ശക്തമായ പിന്തുണ ഇക്കാര്യത്തിൽ നൽകി. അന്ന് ഞങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ” ബെഹ്റ പറഞ്ഞു.

“മുൻപ് ഡിജിപി ആയിരുന്നപ്പോൾ ശക്തമായ നീതിനിർവ്വഹണം സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. അത് ഇനിയും തുടരും. സംസ്ഥാന പൊലീസ് സേനയിൽ ആധുനിക വത്കരണത്തിന് പ്രാധാന്യം നൽകുന്നുണ്ട്. ഇത് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.” ബെഹ്റ പറഞ്ഞു.

“ഓൺലൈൻ എഫ്.ഐ.ആർ നടപ്പിലാക്കുന്നതിന് നിയമഭേദഗതിക്ക് നേരത്തേ താൻ നിർദ്ദേശം സമർപ്പിച്ചിരുന്നു. അക്കാര്യം നടപ്പിലാക്കാൻ ശ്രമിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒറ്റയടിക്ക് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഒരു പുതിയ സംവിധാനത്തിനും സാധിക്കില്ല. പക്ഷെ അത് അന്വേഷണത്തിന് ഏറെ സഹായകരമാകും.” അദ്ദേഹം പറഞ്ഞു.

“നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ശക്തമായാണ് മുന്നോട്ട് പോയത്. മുൻ ഡിജിപി ഇക്കാര്യത്തിൽ വേറിട്ട അഭിപ്രായം രേഖപ്പെടുത്തിയതായി അറിഞ്ഞു. അതിന്റെ കാരണം നാളെ അന്വേഷിക്കും. അന്വേഷണത്തിന് കൂടുതൽ പേരെ നിയമിക്കണമെങ്കിൽ സ്പെഷൽ ബ്രാഞ്ചിൽ നിന്നടക്കം ആളുകളെ നിയമിക്കും. പ്രത്യേക അന്വേഷണ സംഘത്തിന് ചുമതലയുണ്ട്. അവർ കാര്യശേഷിയുള്ള ഉദ്യോഗസ്ഥരാണ്. അവരത് ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം” ബെഹ്റ പറഞ്ഞു.

“ഞാൻ സർക്കാരിന്റെ ജീവനക്കാരനാണ്. സർക്കാർ പറയുന്നത് ചെയ്യാൻ ബാധ്യസ്ഥനാണ്. വിജിലൻസ് ഡയറക്ടറായും ഡിജിപി ആയും പ്രവർത്തിക്കുന്നത് ഞാനാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഴിമതിക്കാരനാണെങ്കിൽ സംരക്ഷിക്കാൻ ശ്രമിക്കില്ല. അക്കാര്യത്തിൽ നിങ്ങൾക്കെന്നെ വിശ്വസിക്കാനും അവിശ്വസിക്കാനും അവകാശം ഉണ്ട്. എന്നാൽ പരമാവധി പൊലീസ് സേനയെ ശക്തമാക്കാൻ ശ്രമിക്കും” ബെഹ്റ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.