തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാനെത്തിയത്. വരും ദിവസങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നയങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. കോടതി വിഷയങ്ങളെ കുറിച്ച് സംസാരിച്ചില്ലെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കി.
സെൻകുമാർ കേസിൽ സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി വീണ്ടും നിയമസഭയിൽ പറഞ്ഞതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കോടതി സർക്കാരിനുമേൽ പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ജുവനൈൽ കേസുകൾക്കായി സുപ്രീംകോടതിയുടെ ലീഗൽ സെല്ലിൽ 25,000 രൂപ അടയ്ക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിഴ’ എന്ന വാക്ക് സുപ്രീംകോടതി ഉപയോഗിച്ചിട്ടില്ല എന്ന സാങ്കേതികതയിൽ ഊന്നിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സെൻകുമാർ വിഷയത്തിൽ കോടതിയലക്ഷ്യം സംഭവിച്ചിട്ടില്ല. സുപ്രീംകോടതി വിധിയോട് ഒരു ഘട്ടത്തിലും സർക്കാർ അനാദരവു കാട്ടിയിട്ടില്ല. സാധാരണ നടപടിക്രമം പാലിച്ചു മാത്രമാണ് സെൻകുമാറിനെ ആ സ്ഥാനത്തുനിന്നും മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ