/indian-express-malayalam/media/media_files/uploads/2017/02/senkumar-pinarayi.jpg)
ന്യൂഡൽഹി: ടിപി സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ താമസം നേരിട്ടേക്കും. വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണിത്. മൂന്ന് ഉദ്യോഗസ്ഥരുടെ നിയമന കാര്യം സർക്കാരിന് തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് കോടതി ഇടപെടൽ തേടുന്നത്.
ടി.പി.സെൻകുമാറിന് ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമനം നൽകുമ്പോൾ ഇതേ റാങ്കിലുള്ള ലോക്‌നാഥ് ബെഹ്റയെ ഏത് സ്ഥാനത്ത് നിയമിക്കുമെന്നാണ് സർക്കാരിന്റെ സംശയം. അദ്ദേഹത്തെ തത്തുല്യമായ റാങ്കിൽ നിയമിക്കണമെങ്കിൽ ഇതേ റാങ്കിലുള്ള മറ്റൊരാളെ കൂടി സ്ഥാനം മാറ്റേണ്ടി വരും. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർവ്വീസിൽ തിരികെ പ്രവേശിക്കുന്നതും സർക്കാരിനെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ ടിപി സെൻകുമാർ തീരുമാനിച്ചിരുന്നു. ഇതിനായി ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിലെത്തിയിരുന്നുവെങ്കിലും അവസാന നിമിഷം ഇതിൽ നിന്ന് പിന്മാറി.
ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരായി കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം. സർക്കാർ വിധിയിൽ വ്യക്തത തേടി വീണ്ടും കോടതിയെ സമീപിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. നിയമനം വൈകിപ്പിക്കുകയോ, ഉത്തരവ് റദ്ദാക്കുകയോ ആണ് സർക്കാരിന്റെ ലക്ഷ്യം.
കഴിഞ്ഞ 24 നാണ് ടിപി സെൻകുമാറിന് അൻുകൂലമായി കോടതി വിധി വന്നത്. ഇതിന് മുൻപ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെൻകുമാർ കേസ് തോറ്റിരുന്നു. യുഡിഎഫ് സർക്കാർ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെൻകുമാറിനെ ഇടത് സർക്കാർ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങൾ മാത്രമാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.