തിരുവനന്തപുരം: ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സർക്കാർ വൈകിപ്പിക്കുന്നതിനെതിരെയാണ് ഹർജി. തന്റെ പുനര്‍നിയമനം വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശ്രമിക്കുമെന്ന് സെൻകുമാർ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ നീക്കാന്‍ ആഭ്യന്തരസെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പുനര്‍നിയമനം വൈകിപ്പിക്കാന്‍ നളിനി നെറ്റോ പരമാവധി ശ്രമിക്കും. കോടതിയുത്തരവ് ഉടന്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി വന്ന് അഞ്ചുദിവസം കഴിഞ്ഞു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും പുനര്‍നിയമന ഉത്തരവ് ഇറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ച സുപ്രീംകോടതി സെന്‍കുമാറിന്‍റെ ഹര്‍ജി പരിഗണിച്ചേക്കും.

സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീംകോടതി വിധി വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഇതുവരെ സെൻകുമാറിനു നിയമനം നൽകിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. കോടതി വിധി നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോ എന്ന കാര്യവും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്രയും പെട്ടെന്ന് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിയമിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ