തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ കളളനാണ് ടോമിൻ തച്ചങ്കരിയന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. പൊലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകൾ കടത്തി. തച്ചങ്കരിയെക്കുറിച്ച്‌ നടന്ന അന്വേഷണങ്ങളുടെ ഫയലുകളാണ് കടത്തിയത്. കോടതി ആവശ്യപ്പെട്ടാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ സെൻകുമാർ വെളിപ്പെടുത്തി. രണ്ട് സര്‍ക്കാരുകളുടെയും സംരക്ഷണം തച്ചങ്കരിക്ക് ലഭിച്ചിരുന്നതായും സെൻകുമാർ പറഞ്ഞു.

ഐഎംജി ഡയറക്ടറായ ഡിജിപി ജേക്കബ് തോമസ് തികഞ്ഞ ഹിപ്പോക്രാറ്റാണ്. കര്‍ണാടകയില്‍ മരം വെട്ടിയിട്ട് കേരളത്തില്‍ വന്ന് പരിസ്ഥിതി സ്‌നേഹം പറയുന്ന വ്യക്തിയാണ് അദ്ദേഹം. വൈരാഗ്യംവച്ച് പ്രവര്‍ത്തിക്കുന്നയാളാണ് ജേക്കബ് തോമസെന്നും സെൻകുമാർ പറഞ്ഞു.

ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് എന്നെ നീക്കാന്‍ നളിനി നെറ്റോ കൃത്രിമം കാട്ടി. ഇതിനായി മുന്നുഫയലുകളിലാണ് കൃത്രിമം കാണിച്ചതെന്നും സെൻകുമാർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷത്തില്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത എഡിജിപി ബി.സന്ധ്യയുടെ നടപടി തെറ്റാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ