തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. ടിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. യോഗത്തിൽ മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുമുണ്ട്. സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.

ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ സെന്‍കുമാര്‍ നിയമനം സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള ഉത്തരവ് ഇന്ന് ഉച്ചയോടെ ഉണ്ടായേക്കുമെന്നാണ് സൂചന.
സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ വ്യക്തത തേടിയ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസും അയച്ചിട്ടുണ്ട്. 25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ