മലപ്പുറം: ടി.പി.സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി പരിശോധിച്ച ശേഷം ഉടൻ തീരുമാനം എടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നിയമനം നടത്താത്തതിനെക്കുറിച്ച് പറയുന്നതിൽ അർഥമില്ല. ഇന്ന് കോടതി വിധി വന്നാൽ നാളെ നടപ്പിലാക്കാൻ കഴിയില്ല. അങ്ങനെത്തന്നെ വേണമെന്നുള്ളവർക്കാണ് പ്രശ്നങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സർക്കാർ വൈകിപ്പിക്കുന്നതിനെതിരെ ടി.പി.സെൻകുമാർ ഇന്നലെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. തന്റെ പുനര്‍നിയമനം വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശ്രമിക്കുമെന്ന് സെൻകുമാർ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീംകോടതി വിധി വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഇതുവരെ സെൻകുമാറിനു നിയമനം നൽകിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. കോടതി വിധി നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോ എന്ന കാര്യവും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ