/indian-express-malayalam/media/media_files/uploads/2017/02/senkumar-pinarayi.jpg)
തിരുവനന്തപുരം: ടി.പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സംസ്ഥാന സർക്കാർ നിയമിച്ചു. പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു . ഈ ഉത്തരവ് നാളെ ഔദ്യോഗികമായി പുറത്തിറക്കും. ഇതോടെ നാളെത്തന്നെ ടി.പി സെൻകുമാർ പൊലീസ് ആസ്ഥാനത്ത് എത്തി പൊലീസ് മേധാവിയായി ചുമതലയേൽക്കും. സുപ്രീംകോടതി ഉത്തരവിനെതുടർന്ന് ടി.പി സെൻകുമാറിനെ പൊലീസ് മേധാവി ആയി നിയമിച്ചതോടെ ലോക്‌നാഥ് ബെഹ്റയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. അതേ സമയം അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച് ഇതുവരെ വ്യക്തതയായില്ല.
ടി.പി സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ വ്യക്തതേടി സംസ്ഥാന സർക്കാർ നൽകിയ ഹർജ്ജി തള്ളിയതോടെയാണ് നിയമനം അതിവേഗത്തിലായത്. ഇന്ന് വൈകിട്ട് ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ​ ഉടൻ തന്നെ നിയമനം നടത്തണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസും അയക്കുകയും ,25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു . കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്.
സംസ്ഥാന പൊലീസ് മേധാവിയായല്ല സെന്‍കുമാറിനെ നിയമിച്ചതെന്നും പൊലീസ് വകുപ്പിന്റെ തലവനായാണ് നിയമിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാൽ പൊലീസ് ആക്ട് പ്രകാരം പൊലീസ് മേധാവിയായാണോ പുനർനിയമനം നൽകേണ്ടതെന്നതിൽ വ്യക്തത വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യക്തമായ വിധി പുറപ്പെടുവിച്ചിട്ടും വ്യക്തത തേടിയത് എന്തിനാണെന്ന് കോടതി നോക്കിക്കണ്ടു. കോടതിയെ കളിയാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് പൂര്‍ണമായും സ്വീകരിച്ച രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചത്.
കഴിഞ്ഞ 24 നാണ് ടിപി സെൻകുമാറിന് അനുകൂലമായി കോടതി വിധി വന്നത്. ഇതിന് മുൻപ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെൻകുമാർ കേസ് തോറ്റിരുന്നു. യുഡിഎഫ് സർക്കാർ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെൻകുമാറിനെ ഇടത് സർക്കാർ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങൾ മാത്രമാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.