ന്യൂഡൽഹി: ഡിജിപി ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിൽ രാഷ്ട്രീയം ഇല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല ടി.പി.സെൻകുമാറിനെ മാറ്റിയത് എന്നും പൊലീസിന്റെ വിശ്വാസ്യത നിലനിർത്താനാണ് നടപടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത്തരം നിയമനങ്ങൾ സർക്കാരിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് ശരിവെച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സെൻകുമാർ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. സെൻകുമാറിന് ഏതെങ്കിലും രാഷ്ട്രീയകക്ഷികളുമായി ബന്ധമുള്ളതായി പരാതി ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. പൊതുജനത്തിനിടയിൽ സർക്കാരിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണ് ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതെന്നും ചീഫ് സെക്രട്ടറി വിശദമാക്കുന്നുണ്ട്.

നേരത്തെ ടി.പി.സെൻകുമാറിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി കേരള സർക്കാരിന് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. സെൻകുമാറിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിനും, സംസ്ഥാന സർക്കാരിനും ഇത് സംബന്ധിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. വിരമിക്കാൻ നാലുമാസം ബാക്കിയുള്ളതിനാൽ ഹർജി ഉടനെ തീർപ്പാക്കണം എന്ന സെൻകുമാറിന്റെ ആവശ്യം അംഗീകരിച്ച കോടതി, ഈ മാസം 27നു ഹർജി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ