തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയെ ന്യായീകരിച്ച് എക്സൈസ് മന്ത്രി. ദൂരപരിധി കുറച്ചത് വിനോദസഞ്ചാരികളുടെ അസൗകര്യം പരിഗണിച്ചാണ്. നേരത്തെ ഉണ്ടായിരുന്ന ദൂരപരിധി പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. ഭേദഗതി മദ്യനയത്തിന്റെ ഭാഗമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണം പോലും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല. അത് വർധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ക്ക് ദൂരപരിധി കുറച്ചത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് അഭിപ്രായമില്ല. നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ സർക്കാരിന് അധികാരമുണ്ട്. ആ അധികാരമുപയോഗിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ പള്ളികള്‍ക്കായി വൈന്‍ ഉത്പാദിപ്പിക്കാനുള്ള വൈന്‍ ഡിസ്റ്റിലറികള്‍ക്കായി അപേക്ഷ തന്റെ മുമ്പില്‍ വന്നിട്ടില്ല. പള്ളികള്‍ക്ക് ആവശ്യത്തിന് വൈന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

കേരളത്തില്‍ മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നു. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധിയാണ് സര്‍ക്കാര്‍ കുറച്ചത്. നിലവിവുള്ള 200 മീറ്റര്‍ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചാണ് ഫോർ സ്റ്റാർ മുതലുളള ബാറുകൾക്ക് ഇളവ് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ