കോട്ടയം: ടി പി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി ടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ബിജെപി പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി ടി ബൽറാമിന്‍റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ആദർശ രാഷ്ട്രീയത്തിന് അൽപ്പമെങ്കിലും പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ബൽറാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലായെങ്കിൽ ബൽറാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാർ സമരം അവസാനിപ്പിക്കാൻ സിപിഎമ്മും യുഡിഎഫും തമ്മിൽ ഉണ്ടാക്കിയ കരാർ എന്താണെന്ന് തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാർ കേസിന്‍റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേരളത്തിൽ ഇരു മുന്നണികളും ഒത്തു തീർപ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടു കിട്ടിയെന്ന കെ മുരളീധരന്‍റെ പ്രസ്താവനയും ഇപ്പോഴത്തെ വി ടി ബൽറാമിന്‍റെ പ്രസ്താവനയും അതിന്‍റെ തെളിവാണ്. ബിജെപിയെ എതിർക്കാൻ കേരളത്തിൽ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും ലയിച്ച് ഒന്നാകണം.

ആദർശ രാഷ്ട്രീയം പറയുന്ന ഏകെ ആന്‍റണിയും മഹിളാ കോൺഗ്രസ് നേതൃത്വവും ഇപ്പോഴത്തെ സംഭവങ്ങളെപ്പറ്റി മൗനം പാലിക്കുന്നത് ദുരൂഹമാണ്. കേസുമായി മുൻ കേന്ദ്രമന്ത്രിയുടെ മകന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തു വന്നതാണ് എ കെ ആന്‍റണിയുടെ മൗനത്തിന് കാരണം.

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിന് എന്തുപറ്റിയെന്ന് വിശദീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അയച്ച കത്തുകൾക്ക് സംസ്ഥാനം മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.