കൊല്ലം: കാസർഗോഡ് കൊലപാതകത്തിൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങൾ ഇടതുപക്ഷം അംഗീകരിക്കില്ല. പാർട്ടി അറിവോടെയല്ല പെരിയയിലെ കൊലപാതകം. ഇതിൽ പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ചു പൊറുപ്പിക്കില്ല. അവർക്ക് പാർട്ടി സംരക്ഷണം നൽകില്ലെന്ന് കോടിയേരി പറഞ്ഞു..

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം തയാറാണ്. കാസർഗോഡ് കൊലപാതക കേസിൽ സിപിഎമ്മുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ കമ്മിറ്റി നടപടിയെടുക്കും. പ്രതികൾ സിപിഎമ്മുകാരായാലും പൊലീസ് നടപടി എടുക്കും. കൊലയാളികൾക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും കോടിയേരി വ്യക്തമാക്കി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തന് ബന്ധമില്ലെന്ന് പാർട്ടിക്ക് പൂർണ ബോധ്യമുണ്ടെന്നും കോടിയേരി പറഞ്ഞു. കുഞ്ഞനന്തന്റെ പേരിൽ യുഡിഎഫ് കളളക്കേസ് ഉണ്ടാക്കിയതാണ്. യുഡിഎഫ് സർക്കാരാണ് കുഞ്ഞനന്തനെ കേസിൽ പ്രതിയാക്കിയത്. കൊടി സുനി പാർട്ടി അംഗമല്ല. കൊടി എന്ന പേരുളളതുകൊണ്ട് പാർട്ടി അംഗമാകില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് കസ്റ്റഡിയിലായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പീതാംബരനാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതിനുപിന്നാലെ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.