കൊച്ചി: ആർഎംപി നേതാവ്​ ടി.പി.ചന്ദ്രശേഖരൻ വധക്കേസി​ലെ പ്രതി പി.കെ.കുഞ്ഞനന്തന്‍ ജയിലില്‍ കഴിയാതിരിക്കാന്‍ മാത്രം എന്താണ് അസുഖമെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് ഗുരുതര അസുഖമാണെന്ന് നിലപാട് വ്യക്തമാക്കിയ സര്‍ക്കാരിനേയും കോടതി ചോദ്യം ചെയ്തു.

പിടിയിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതി ജയിലില്‍ കഴിഞ്ഞിട്ടേയില്ലെന്നാണ് രേഖകള്‍ കാണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2014 ജനുവരിയിലാണ്​ സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തൻ ജീവപര്യന്തം തടവിന്​ വിധിക്കപ്പെട്ട്​ ജയിലിലാകുന്നത്​. നാലു വർഷം ശിക്ഷ പൂർത്തിയാകു​മ്പോള്‍ 389 ദിവസം പരോളിലാണെന്നാണ്​ ജയിൽ രേഖകൾ പറയുന്നത്​.

ശാരീരിക അവശതകളുളള നിരവധി തടവുകാര്‍ ജയിലില്‍ ഉണ്ടെന്നും കോടതി പറഞ്ഞു. കുഞ്ഞനന്തന്​ ഗുരുതര ആരോഗ്യപ്രശ്​നമുണ്ടെന്ന്​ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടക്കാൻ പോലും പറ്റില്ലെന്നായിരുന്നു അഭിഭാഷക​​​​ന്റെ വാദം. നടക്കാൻ പറ്റില്ലെങ്കിൽ ജയിലിൽ സുഖമായി കിടന്നുകൂടെ എന്ന്​ കോടതി ​ചോദിച്ചു.

കുഞ്ഞനന്തന് എത്രനാൾ പരോൾ കിട്ടി എന്നും കോടതി അന്വേഷിച്ചു. എന്താണ്​ കുഞ്ഞനന്ത​​​​ന്റെ ശാരീരിക പ്രശ്​നമെന്ന്​ കൃത്യമായി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടർന്ന്​ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ഈ മാസം എട്ടിലേക്ക്​ മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook