തിരുവനന്തപുരം: ജയിൽ ശിക്ഷാ ഇളവിനുളള സർക്കാർ പട്ടികയിൽ ടിപി വധക്കേസ് പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതിയും. കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, സിജിത്ത്, മനോജ്, റഫീഖ്, അനൂപ്, മനോജ് കുമാർ, സുനിൽ കുമാർ (കൊടി സുനി), രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നീ 11 ടിപി കേസ് പ്രതികളാണ് പട്ടികയിലുളളത്. മറ്റു പല പ്രമുഖ കേസുകളിലെയും പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓംപ്രകാശ്, കാരണവർ വധക്കേസ് പ്രതി ഷെറിൻ തുടങ്ങിയവരാണ് അതിൽ ചിലർ.

വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ് ജയിൽ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളപ്പിറവിയുടെ 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ശിക്ഷാ ഇളവിനുളള പട്ടികയിൽ ഉൾപ്പെട്ട പ്രതികളുടെ വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്.

Read More: ഇതാണ് ഇവർ ചെയ്ത ക്രൂരതകൾ- സർക്കാർ വിടാൻ തീരുമാനിച്ച പ്രതികളുടെ കുറ്റകൃത്യങ്ങൾ

കൊടുകുറ്റവാളികളെ സർക്കാർ വിട്ടയയ്ക്കുന്നതായി നേരത്തെതന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ ടിപി വധക്കേസ് പ്രതികളെ ഇപ്പോൾ വിട്ടയയ്ക്കാൻ സാധിക്കുമോ എന്നായിരുന്നു മറുചോദ്യം. ശിക്ഷാ കാലാവധി കഴിയാതെ എങ്ങനെ പ്രതികളെ വിട്ടയയ്ക്കാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാദങ്ങളെയെല്ലാം ഖണ്ഡിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായാണ് ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ശിക്ഷാ ഇളവിനുളള പട്ടിക ജയിൽ വകുപ്പ് തയാറാക്കിയത്. 1911 പേരുടെ പട്ടികയാണ് തയാറാക്കിയത്. എന്നാൽ ഇതിൽ 61 പേരെ ഒഴിവാക്കി 1850 പേരുടെ പട്ടികയാണ് സർക്കാർ ഗവർണർക്ക് നൽകിയത്. സർക്കാർ ഒഴിവാക്കിയ പേരുകൾ ആരുടേതൊക്കെയാണെന്നു വിവരമില്ല. മാനദണ്ഡങ്ങൾ ലംഘിച്ച് കൊടുംകുറ്റവാളികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടതിനെത്തുടർന്ന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടി. സർക്കാർ ഇതുസംബന്ധിച്ച ഒരു വിശദീകരണം നൽകിയില്ല. ഇതു വൻ വിവാദവുമുണ്ടാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ