കേരളത്തിൽ വീണ്ടും വിവാദത്തിന്റെ തിരി കൊളുത്തി സർക്കാർ സമീപനം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക  കേസുകളിലെ ഉൾപ്പടെയുളള പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുളള തീരുമാനമാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. കേരളത്തെ ഏറെക്കാലം പിടിച്ചുലയ്ക്കുകയും സി പി എമ്മിനെ രാഷ്ട്രീയമായി തിരിച്ചടിയായി മാറുകയും ചെയ്ത ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെയും കേരളത്തിന്റെ മനസാക്ഷിയെ തന്നെ വിറങ്ങലിപ്പിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതിയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തയാണ് വിവാദങ്ങളുടെ അടിസ്ഥാനം. ഇതിലെ കേരളത്തിൽ കോളിളിക്കം സൃഷ്ടിച്ച കേസും പ്രതികളുമുണ്ട്.

കൊടി സുനി, എം സി. അനൂപ്, കിർമാണി മനോജ്, ടി കെ രജീഷ്, സിജിത്ത്, കെ ഷിനോജ്, വി. പി റഫീഖ്, എം കെ. പ്രദീപൻ, കെ. സി രാമചന്ദ്രൻ, മനോജൻ, പി കെ കുഞ്ഞനന്തൻ – ടി .പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ

റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടിയുടെ (ആർഎംപി) സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി.ചന്ദ്രശേഖരനെ 2012 മെയ്‌ 4-ന് രാത്രി വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ഒവെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു സിപിഎം നേതാക്കളടക്കം 12 പേരാണ് കേസിലെ പ്രതികൾ. എം.സി.അനൂപ്, കിർമാണി മനോജ്, സുനിൽ കുമാർ (കൊടി സുനി), ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ്, വി.പി.റഫീഖ് (34), എം.കെ.പ്രദീപന്‍ (28), കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജന്‍, പി.കെ.കുഞ്ഞനന്തന്‍ എന്നിവരാണ് കേസിലെ പ്രതികൾ.

tp case

ടിപി വധക്കേസ് പ്രതികൾ

11 പ്രതികൾക്ക് കോടതി ജിവപര്യന്തം തടവ് വിധിച്ചു. ഒരാളെ മൂന്നുവർഷം കഠിന തടവിനു വിധിച്ചു. സി പി എമ്മിന്റെ പ്രാദേശിക നേതാവായിരുന്നു ജനകീയനായ ടി പി ചന്ദ്രശേഖരൻ. സി  പി എമ്മിന്റെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ പാർട്ടിയിലേയ്ക്കു വന്ന ചന്ദ്രശേഖരൻ  പാർട്ടിക്കുളളിലെ വിഭാഗീയതയുടെ ഭാഗമായി പുറത്തുപോകുകയായിരുന്നു. തുടർന്നാണ് ഒഞ്ചിയം കേന്ദ്രീകരിച്ച് പുതിയ പാർട്ടിയുണ്ടാക്കുന്നത്. ​ആ പാർട്ടി അവിടുത്തെ പഞ്ചായത്ത് ഭരണം പിടിച്ചു കൊണ്ട് സി പി എമ്മിനെ ഞെട്ടിച്ചു. പിന്നീട് വടകര ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുകയും സി പി എമ്മിന്റെ കുത്തക മണ്ഡലത്തിൽ സി  പി എം തോൽവി അറിയുകയും ചെയ്തു. അന്ന് അവിടെ നിന്നും ജയിച്ചത് കോൺഗ്രസിന്റെ മുല്ലപ്പളളി രാമചന്ദ്രനായിരുന്നു.  ഇതിനു സമാന്തരമായി കേരളത്തിലെ വിവിധയിടങ്ങളിൽ സി പി എമ്മിൽ നിന്നും വിട്ടുപോയവരുമായി ചേർന്ന് ആർ എം പിയെ വിപുലപ്പെടുത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടിയിലാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.

Read More: ശിക്ഷാ ഇളവിനുളള സർക്കാർ പട്ടികയിൽ ടിപി വധക്കേസ് പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതിയും

മുഹമ്മദ് നിസാം – ചന്ദ്രബോസ്  വധക്കേസ്

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ (47) മുഹമ്മദ് നിസാം ജീപ്പിടിച്ച് കൊലപ്പെടുത്തിയന്നാണ് കേസ്. 2015 ജനുവരി 29 പുലർച്ചെ മൂന്നിനാണ് സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

nisham

മുഹമ്മദ് നിസാം

വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. 2015 ഫെബ്രുവരി 16 ന് തൃശ്ശൂർ അമല ആശുപത്രിയിൽ വച്ച് ചന്ദ്രബോസ് മരിച്ചു. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ തൃശ്ശൂർ അഡീഷണൽ കോടതി വിധി ശിക്ഷ വിധിച്ചു. മുഹമ്മദ് നിസാമിനു ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

ഷെറിൻ -കാരണവർ വധക്കേസ്

2009 നവംബര്‍ എട്ടിനാണ് ചെറിയനാട്‌ കാരണവേഴ്സ്‌ വില്ലയില്‍ ഭാസ്കര കാരണവരെ (66) കൊല്ലപ്പെട്ടനിലയിൽ കാണപ്പെട്ടത്. അമേരിക്കയിൽനിന്ന് തിരിച്ചെത്തി വിശ്രമ ജീവിതം നിക്കുകയായിരുന്ന കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കാരണവരുടെ മരുമകള്‍ ഷെറിന്‍ (27), കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലയില്‍ ബാസിത്‌ അലി (24), എറണാകുളം കുറ്റിക്കാട്ടുകര നിധിന്‍ നിലയം നിധിന്‍ (ഉണ്ണി-25), പാതാളം പാലത്തിങ്കില്‍ ഷാനു റഷീദ്‌ (21) എന്നിവരാണു കേസിലെ നാലു പ്രതികള്‍.

sherin

ഷെറിൻ

മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌ത ധനനിശ്ചയ ആധാരം റദ്ദുചെയ്‌തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് അതിവേഗ കോടതി നാലു പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചു. 85,000 രൂപ വീതം പിഴയും അടയ്ക്കണമെന്നും കോടതി വിധിച്ചിരുന്നു.

മണിച്ചൻ -കല്ലുവാതുക്കൽ​ മദ്യദുരന്തം

2000 ഒക്ടോബർ 21-ന് വ്യാജമദ്യം കഴിച്ച് 33 പേർ മരിക്കുകയും നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം. മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഹയറുന്നിസയുടെ വീട്ടിൽ നിന്നും മദ്യം കഴിച്ചവരും ഇതിലുൾപ്പെടുന്നു. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. കേസിൽ മണിച്ചനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

manichan

മണിച്ചൻ

ഓംപ്രകാശ് – അപ്രാണി കൃഷ്ണകുമാർ വധക്കേസ്

ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നായിരുന്നു അപ്രാണി കൃഷ്ണകുമാര്‍ കൊല്ലപ്പെട്ടത്. 2007 ഫെബ്രുവരി 20-നാണ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് കഴിഞ്ഞ് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പിന്‍തുടര്‍ന്ന് എത്തിയ എതിര്‍സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓം പ്രകാശ്, ജയന്തി, പ്രതീഷ്, പ്രശാന്ത്, ഏലക്കുട്ടന്‍, അരുണ്‍, അമ്പലമുക്ക് കൃഷ്ണകുമാര്‍ എന്നിവരാണ് പ്രതികൾ. പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ