കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി ഫെബ്രുവരി 14 ന് പരിഗണിക്കും  എടച്ചേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ കോടതി 2014 ൽ ശിക്ഷിച്ചതാണെന്നും അതിനാൽ ഈ കേസിൽ ഇനി സി ബി ഐ  അന്വേഷണം ആവശ്യമില്ലെന്നുമാണ് സി പി എം നയിക്കുക്കുന്ന ഇടതുപക്ഷ സർക്കാരിന്രെ നിലപാട്. ഈ നിലപാടിനെ കെ. കെ രമ വിമർശിച്ചു.

കേസില്‍ പുതിയ പ്രതികളുണ്ടോയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.

2012 മെയ് നാലിനാണ് ആർ എം പി നേതാവായ ടി പി ചന്ദ്രശേഖരൻ കോഴിക്കോട് വടകര ഒഞ്ചിയത്തിനടുത്ത് വളളിക്കാട് വച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.  ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 2014 ജനുവരി 22 ന് 12 പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവരെ 23 ന് കോഴിക്കോട് ഇരഞ്ഞിപാലം സെപ്ഷ്യൽ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

സി പി എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി. കെ കുഞ്ഞനന്തൻ, കുന്നമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ സി രാമചന്ദ്രൻ,, കടുങാപൊയിൽ ബ്രാഞ്ച് അംഗം മനോജ് എന്ന ട്രൗസർ മനോജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രധാനപ്പെട്ട സിപി എമ്മിന്രെ പ്രാദേശിക നേതാക്കൾ. സിപി എമ്മിൽ നിന്നും വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത നേതാവിനെ ക്രിമിനൽ ഗൂഢോലചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്.

ഈ കേസിൽ ആദ്യ ഏഴ് പ്രതികളും കില്ലർ സ്ക്വാഡ് അംഗങ്ങളാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, എന്ന എൻ കെ സുനിൽകുമാർ, ടി.കെ. രജീഷ്, പറമ്പത്ത് മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്ന എ സിജിത്ത്, കണ്ണാടിക്കൽ ഷിനോജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട സംഘം.
ഇതിന് പുറമെ കണ്ണൂർ ജില്ലയിൽ നിന്നുളള വി പി റഫീഖ് എന്ന വായപ്പടച്ചി റഫീഖ്, മാഹി സ്വദേശിയായ ലംബു പ്രദീപൻ എന്ന എം കെ. പ്രദീപൻ എന്നിവരും ഈ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ എഴുപത്തിയാറുപേര്‍ക്കെതിരായണ് പൊലീസ് കുറ്റപത്രം നല്‍കിയത്. അതില്‍ എന്‍. ജി. ഒ. യൂണിന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സി. എച്ച്. അശോകന്‍ വിചാരണയ്ക്കിടെ നിര്യാതനായി. 22 പേരെ കോടതി രണ്ടു ഘട്ടങ്ങളിലായി വെറുതെ വിട്ടു. പതിനഞ്ച് പേരുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 24 ആം പ്രതി ടി. എം. രാഹുല്‍, 52 ആം പ്രതി മുഹമ്മദ് സാഹിര്‍ എന്നിവര്‍ ഒളിവിലായിരുന്നു. കോടതിയില്‍ വിചാരണ നേടുന്നത് ഈ കേസിലെ 36 പ്രതികള്‍ മാത്രമായിരുന്നു.

സംഭവം നടക്കുമ്പോൾ സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പി മോഹനനെ കേസിൽ പ്രതി ചേർത്തിരുന്നു. ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. നിലവിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് പി മോഹനൻ. ഇതിന് പുറമെ ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ. കെ. കൃഷ്ണൻ, കുന്നമ്പറത്ത് ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബു, ഏറാന്മല ലോക്കൽ കമ്മിറ്റിയംഗം പടയക്കണ്ടി രവീന്ദ്രൻ എന്നിവരായിരുന്നു കോടതി വെറുതെ വിട്ട മറ്റ് നേതാക്കൾ.  കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, എസ് എഫ് ഐ ജില്ലാ നേതാവ് സരിൻ ശശി എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

പൊലീസ് പ്രതിയാക്കിയിരുന്ന അന്‍പത്തിനാലാം പ്രതി കാര്യത്ത് വത്സലനെയും അറുപത്തിയൊന്നാം പ്രതി കെ. മദനനെയും നേരത്തെ കോടതി വിട്ടയച്ചിരുന്നു. ഇതിനു പുറമേ അറുപത്തിയൊമ്പതാം പ്രതിയായ കെ. കെ. രാഗേഷ് ഉള്‍പ്പടെ പതിനഞ്ച് പേര്‍ക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു

ഈകേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്  578 രേഖകളാണ്. കേസിൽ 284 സാക്ഷികളാണ് പ്രോസിക്യൂഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 118 സാക്ഷികളെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 166 സാക്ഷികളില്‍ അന്‍പത്തിമൂന്നു പേര്‍ കൂറുമാറി. സാക്ഷികളുടെ കൂറുമാറ്റവും കുറ്റപത്രത്തിലെ പഴുതുകളും വിചാരണ സമയത്ത് ഏറെ വിവാദമായിരുന്നു. തൊണ്ണൂറ് ദിവസം കൊണ്ടാണ് എഴുപത്തിയാറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന്‍ മൊബൈല്‍ ടവറുകള്‍ കേസില്‍ രേഖയായി സ്വീകരിച്ചതുപോലെ പ്രതിഭാഗവും മൊബൈല്‍ ടവറുകള്‍ രേഖപ്പെടുത്തിയ വിവരം ഉപയോഗപ്പെടുത്തിയ കേരളത്തിലെ ആദ്യ കേസിതാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ