കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന്  ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനന്തന് അടിക്കടി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ പരോളല്ല ചികിത്സ നൽകുകയാണ് വേണ്ടതെന്നു ഹൈക്കോടതി പറഞ്ഞു.

തടവിൽ കഴിയുന്നയാൾക്ക് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും ഹൈക്കോടതി ഓർമ്മപ്പെടുത്തി. പികെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകിയ സംഭവത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കേസിൽ 13ാം പ്രതിയായ കുഞ്ഞനന്തൻ ചികിത്സയ്‌ക്ക് എന്ന പേരിൽ പരോൾ വാങ്ങി പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയാണ് പരാതിപ്പെട്ടത്.

കേസിൽ രണ്ടാഴ്‌ചയ്ക്കകം സർക്കാർ വിശദീകരണം നൽകണം. പികെ കുഞ്ഞനന്തനും കോടതി നോട്ടീസ് അയക്കും.  ടി പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന്  ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവിൽ കഴിയുകയായിരുന്ന കുഞ്ഞനന്തന് നാല് വർഷത്തിനിടെ 389 ദിവസമാണ് പരോൾ ലഭിച്ചത്.

ഒരു തടവുപുളളിക്ക് സാധാരണ ലഭിക്കാവുന്ന പരോളിന് പുറമെ, ജയിൽ സൂപ്രണ്ടിന് 10 ദിവസവും സംസ്ഥാന പൊലീസ് മേധാവിക്ക് 15 ദിവസവും സംസ്ഥാന സർക്കാരിന് 45 ദിവസവും പരോൾ അനുവദിക്കാം. നിയമപ്രകാരമുളള ഈ ആനുകൂല്യമാണ് കുഞ്ഞനന്തന് ലഭിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.  പ്രായം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയിൽ ഇളവ് നൽകി സ്വതന്ത്രനാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ കെകെ രമ പരാതിയുമായി ഗവർണറെ സമീപിച്ചതോടെയാണ് ഇത് നടക്കാതെ പോയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ