കൊച്ചി: വ്യത്യസ്ത തുറകളിൽ നിന്നുള്ള മൂന്ന് ശ്രദ്ധേയരായ യുവാക്കൾ, മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ടൊവീനോ തോമസും, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ പൊതു സമൂഹത്തിന്റെ കയ്യടി നേടിയ ശ്രീറാം വെങ്കിട്ടരാമനും എറണാകുളം എംഎൽഎ ഹൈബി ഈഡനും. മൂന്ന് പേരും തമാശകള്‍ പറഞ്ഞും സെല്‍ഫി എടുത്തും സദസ്സിനെ കയ്യിലെടുത്ത് ഒരേ വേദിയില്‍.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ടൊവീനോയും ശ്രീറാം വെങ്കിട്ടരാമനും. തമാശ പറഞ്ഞും പൊട്ടിചിരിച്ചും ഇടയ്ക്ക് ഒന്ന് ഉപദേശിച്ചും പിന്നെ സെല്‍ഫി എടുത്തും സദസ്സിനെ ഇവര്‍ കയ്യിലെടുത്തു.

‘പോസ്റ്ററില്‍ എന്റെയും എംഎല്‍എയുടെയും പേര് മാത്രം. പ്രസംഗിച്ച് കലക്കാമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. ഇവിടെയെത്തിയപ്പോള്‍ ടൊവീനോ തോമസ് ഇരിക്കുന്നു. പ്രസംഗം ചീറ്റിപോയെങ്കിലും സാരമില്ല. ടൊവീനോയുടെ കട്ട ഫാനാണ് ഞാന്‍’ ശ്രീറാം വെങ്കിട്ടരാമന്‍ വ്യക്തമാക്കി.

ടൊവീനോയോടൊപ്പം ഒരു സെല്‍ഫി എടുക്കണം എന്ന് ശ്രീറാം പറഞ്ഞപ്പോള്‍ സദസ് നിര്‍ത്താതെ കയ്യടിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 15-ാം റാങ്ക് ലഭിച്ച ബി സിദാര്‍ത്ഥ്, പത്താം ക്ലാസ്, പ്ലസുടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്രീറാം.

തുടര്‍ന്ന് പ്രസംഗിച്ച ടൊവീനോയും സദസ്സിനെ കയ്യിലെടുത്തു. ‘എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് അഭിനയം പഠിക്കാന്‍ പോയിരുന്നെങ്കില്‍ നന്നായി അഭിനയിക്കാന്‍ സാധിച്ചേനെ. നിങ്ങള്‍ എന്താണോ ഇഷ്ടപ്പെടുന്നത്, അത് ചെയ്യുക. എങ്കില്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും. പത്താം ക്ലാസില്‍ നിങ്ങളുടെ അത്രയും മാര്‍ക്കില്ലാത്ത ഞാന്‍ നിങ്ങളെ ഉപദേശിക്കുകയല്ല. വെറുതേ പറഞ്ഞന്നേയുള്ളൂ’ ടൊവീനോ തോമസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ