നാശംവിതച്ച പ്രളയത്തിനും ഗജയ്ക്കും ശേഷം മൂന്നാര്‍ തിരിച്ചു വരുന്നു; വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്

കഴിഞ്ഞ ഏതാനു ആഴ്ചകളായി തണുത്ത കാലാവസ്ഥ തുടരുന്നതും വിദേശികളും നോര്‍ത്ത് ഇന്ത്യക്കാരുമായ സഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

munnar, kerala flood, rebuild kerala, idukki, munnar tourism, kerala tourism, ie malayalam, മൂന്നാർ, കേരളം, പ്രളയം, ഗജ, മൂന്നാർ ടൂറിസം, ഐഇ മലയാളം

കൊച്ചി: പ്രളയവും ഗജ ചുഴലിക്കാറ്റമുണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്നു മൂന്നാര്‍ തിരിച്ചുവരവിന്റെ പാതയില്‍. ക്രിസ്മസിനോടനുബന്ധിച്ച് മൂന്നാറിലേക്ക് തുടങ്ങിയ സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. സഞ്ചാരികളുടെ പ്രവാഹത്തെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡ്, രാജമല അഞ്ചാം മൈല്‍, എക്കോപോയിന്റ് എന്നിവിടങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണുണ്ടായത്. പ്രളയത്തിനും തുടര്‍ന്നുവന്ന ഗജ ചുഴലിക്കാറ്റിനും ശേഷം മൂന്നാറിലെ ടൂറിസം മേഖല തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സഞ്ചാരികളുടെ പ്രവാഹമെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിന്റ് വി വി ജോര്‍ജ് പറയുന്നു.

മാസങ്ങള്‍ക്കു ശേഷം ക്രിസ്മസ് ദിനങ്ങളില്‍ ഭൂരിഭാഗം റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും സഞ്ചാരികളെത്തി. ”ന്യൂ ഇയര്‍ ദിനങ്ങളിലും മികച്ച തോതില്‍ ബുക്കിംഗ് ലഭിക്കുന്നുണ്ട്. അതേസമയം മൂന്നാറിലേക്കുള്ള റോഡുകളുടെ അവസ്ഥ ഇപ്പോഴും ഇവിടെക്കെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. റോഡരികില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റല്‍ക്കൂനകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നുമുണ്ട്” ജോര്‍ജ് പറയുന്നു.

മൂന്നാറില്‍ കഴിഞ്ഞദിവസമുണ്ടായ ഗതാഗതക്കുരുക്ക്

മൂന്നാറില്‍ നിന്നു രാജമലയിലേക്കു പോകുന്ന വഴിയിലെ പെരിയവര പാലം തകര്‍ന്നത് വീണ്ടും താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചതോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കും സഞ്ചാരികളെത്തുന്നുണ്ട്. ക്രിസ്മസ് ദിനങ്ങളില്‍ പ്രതിദിനം 3500 പേര്‍വരെ ഇരവികുളം നാഷണല്‍ പാര്‍ക്കു സന്ദര്‍ശിക്കാനെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ ആരംഭിച്ച പുഷ്പമേള കാണാനും സഞ്ചാരികളുടെ വന്‍തോതിലുള്ള ഒഴുക്കുണ്ട്.

കഴിഞ്ഞ ഏതാനു ആഴ്ചകളായി തണുത്ത കാലാവസ്ഥ തുടരുന്നതും വിദേശികളും നോര്‍ത്ത് ഇന്ത്യക്കാരുമായ സഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് മൂന്നാറില്‍ താപനില മൂന്നു ഡിഗ്രിവരെ താഴ്ന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയവും തുടര്‍ന്നു നവംബര്‍ 16-നുണ്ടായ ഗജ ചുഴലിക്കാറ്റും മൂന്നാറിന് കടുത്ത നഷ്ടമാണുണ്ടാക്കിയത്. ഇതിനിടെ തേക്കടിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

Web Title: Tourists flock to munnar for new year festivities

Next Story
നിരത്തില്‍ കണ്ണ് തുറപ്പിക്കാന്‍ കണ്ണൂര്‍ പൊലീസ് കൂട്ടുപിടിച്ചത് ബീറ്റില്‍സിനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com