കൊച്ചി: പ്രതീക്ഷിച്ചതില്‍നിന്നു രണ്ടാഴ്ചയോളം വൈകിയെത്തിയ ശൈത്യത്തിൽ മൂന്നാർ വിറയ്ക്കുന്നു. ഇന്നു ലോക്ക് ഹാര്ട്ടില് താപനില മൈനസ് ഒന്നാണ്. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും പൂജ്യം ഡിഗ്രിയും. വരും ദിവസങ്ങളില്‍ താപനില താഴാനാണു സാധ്യത.
കഴിഞ്ഞവര്‍ഷം ജനുരി ഒന്നിനു തന്നെ മൂന്നാറില്‍ താപനില മൈനസിലേക്കു താഴ്ന്നിരുന്നു. ഈ വര്‍ഷം പത്തുദിവസം വൈകി 11-നാണ് മഞ്ഞുവീഴ്ചയും കനത്ത തണുപ്പും അനുഭവപ്പെട്ടു തുടങ്ങിയത്. ശനിയാഴ്ച മൂന്നാറിനടുത്തുള്ള സെവന്മലയില് താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയപ്പോള്‍ മൂന്നാര്‍ ടൗണ്‍, കന്നിമല, എല്ലപ്പെട്ടി, ലക്ഷ്മി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയായിരുന്നു.
താപനില പൂജ്യത്തിലേക്കു താഴ്ന്നതോടെ മൂന്നാറിനു സമീപമുള്ള കുന്നുകളും മൈതാനങ്ങളും മഞ്ഞുപുതച്ച നിലയിലാണു പുലര്‍ച്ചെ കാണപ്പെടുന്നത്. മഞ്ഞുവീഴ്ചയും അതിശൈത്യവും ആസ്വദിക്കാന്‍ മൂന്നാറിലേക്കു സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെ എത്തിയിരുന്നു. 85 വര്‍ഷത്തിനു ശേഷമുള്ള കനത്ത തണുപ്പായിരുന്നു കഴിഞ്ഞ വര്‍ഷം മൂന്നാറില്‍ രേഖപ്പെടുത്തിയത്. സാധാരണയായി മൂന്നാറില്‍ നവംബര്‍ അവസാനവാരം ആരംഭിക്കുന്ന ശൈത്യകാലം ജനുവരി ആദ്യവാരം വരെയാണു നീളുക. എന്നാല്‍ ഈ വര്‍ഷം വൈകിയെത്തിയ ശൈത്യകാലം ഫെബ്രുവരിയിലേക്കു നീളുമെന്ന പ്രതീക്ഷയിലാണു ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍.
മഞ്ഞുകാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും ബുക്കിങ്ങും വര്‍ധിച്ചതായി മൂന്നാര്‍ ടോള്‍ ട്രീ റിസോര്‍ട്ട് ജനറല്‍ മാനേജര്‍ അജു എബ്രഹാം മാത്യു പറഞ്ഞു. 2018 ഓഗസ്റ്റിലെ പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍നിന്നു മൂന്നാറിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്.
ക്രിസ്മസ്-പുതുവത്സര വെക്കേഷന് ദിവസങ്ങളില്‍ വന്‍തോതിലുള്ള സഞ്ചാരിപ്രവാഹമാണു മൂന്നാറിലേക്കുണ്ടായത്. പുതുവര്‍ഷം ആഘോഷിക്കാന്‍ മാത്രം ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് മൂന്നാറിലെത്തിയത്.