തൊടുപുഴ: വിവാദങ്ങളുടെ കൈയേറ്റത്തിന് ശമനം. മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. അവധിക്കാലം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മൂന്നാറിൽ വീണ്ടും മുൻകാലങ്ങളിലെ പോലെ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ നവംബർ മുതൽ ഒന്നിന് പുറകെ ഒന്നായി ഉണ്ടായ സംഭവവികാസങ്ങൾ മൂന്നാറിലെ വിനോസഞ്ചാരമേഖലയ്ക്ക് ആഘാതമേൽപ്പിച്ചു. ജനുവരിയോടെ കരകയറി വന്ന വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറിയതാണ് കഴിഞ്ഞ വിവാദങ്ങളും സമരവും.

നോട്ടുനിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറി വന്ന മൂന്നാറിലെ വിനോദസഞ്ചാരമേഖലയെ തിരിച്ചടിച്ചത് വിവാദങ്ങളുടെ കൈയേറ്റം. അവധിക്കാലവും മൂന്നാറിലെ കാലാവസ്ഥയും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാലത്ത് സമരങ്ങളും വിവാദങ്ങളും എല്ലാമായി ഈ മേഖലയെ ബാധിച്ചിരുന്നു. നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽ നിന്നും മൂന്നാറിലെ വിനോദസഞ്ചാരമേഖല മെല്ലെ മലകയറുമ്പോഴാണ് കൈയേറ്റമൊഴിക്കപ്പലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടാകുന്നത്. കുരിശ് നീക്കം ചെയ്തതതും ഇതേ തുടർന്നുണ്ടായ വിവാദത്തിൽ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയും പൊമ്പിളൈ ഒരുമൈയുടെ സമരവുമെല്ലാമായി വിനോദസഞ്ചാരികൾ മൂന്നാറിൽ നിന്നും അകന്നു നിന്നു. സാധാരണ ഗതിയിൽ ഒഴുക്കുണ്ടാവേണ്ട സമയത്ത് തിരക്കൊഴിഞ്ഞ മൂന്നാറിലേയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വിനോദസഞ്ചാരികളെത്തി തുടങ്ങി. സ്കൂളുകളിലെ അവധിക്കാലവും മറ്റ് പ്രദേശങ്ങളിലെ കടുത്ത ചൂടും വേനലവധിക്കാലത്ത് മൂന്നാറിലേയ്ക്ക് ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

rajamala, tourist, munnar

രാജമലയിലെത്തിയ വിനോദസഞ്ചാരികൾ

വിവാദങ്ങളുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ളവരുടെയും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരുടെയും ഇഷ്ട ലൊക്കേഷനായി മൂന്നാര്‍ മാറുകയാണെന്നതിനുള്ള സൂചനയാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വര്‍ധിക്കുന്ന പ്രവാഹം നല്‍കുന്ന സൂചന. രണ്ടുമാസത്തെ വേനലവധിക്കു ശേഷം സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മലയാളികളാണ് ഇപ്പോള്‍ കൂടുതലായും കുടുംബ സമേതം മൂന്നാറിലേക്കെത്തുന്നത്. മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമുണ്ടെങ്കിലും പെരിയാര്‍ കടുവാ സങ്കേതം ഉള്‍പ്പെടുന്ന തേക്കടിയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

മന്ത്രി മണിയുടെ പ്രസ്താവനയ്‌ക്കെതിരേ പൊമ്പിളൈ ഒരുമൈ പൊടുന്നനവേ പ്രഖ്യാപിച്ച സമരം തങ്ങള്‍ക്കു വലിയ  നഷ്ടമാണുണ്ടാക്കിയതെന്നു വ്യാപാരികള്‍ പറയുന്നു. ടൗണിനു നടുവില്‍ കഴിഞ്ഞ ഇരുപതു ദിവസങ്ങളായി പന്തല്‍ കെട്ടി സമരം നടത്തിയതോടെ സഞ്ചാരികള്‍ മൂന്നാറില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. സമരത്തിനു പിന്തുണ പ്രഖ്യാപിക്കാനെത്തുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളുടെ ബഹളവുമെല്ലാം സഞ്ചാരികളെ മൂന്നാറില്‍ നിന്നകറ്റുകയും ചെയ്തു. എന്നാല്‍ സമരം തീര്‍ന്നതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലുള്ള ഡെസ്റ്റിനേഷനുകളായ മാട്ടുപ്പെട്ടി, ഇക്കോപോയിന്റ്, ആനയിറങ്കല്‍, കുണ്ടള, ലക്ഷ്മി, എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. വ്യാപാര കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം സഞ്ചാരികളൊക്കൊണ്ടുനിറഞ്ഞതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തന്നെ പറയുന്നു.

Read More: കൊച്ചിയുടെ കടൽക്കാറ്റിൽ നിന്നും മൂന്നാറിലെ തണുപ്പിലേയ്ക്ക് ബസ് പോകുമ്പോൾ

രണ്ടാഴ്ച കഴിഞ്ഞാല്‍ കനത്ത മഴവരുമെന്നതിനാലാണ് ഭൂരിഭാഗം സഞ്ചാരികളും മേയ് മാസത്തിന്റെ അവസാന ദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്നത്. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമലയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വരയാടുകളുടെ പ്രജനകാലവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന പാര്‍ക്ക് അടുത്തിടെയാണ് തുറന്നത്. വരയാടിന്‍ കുഞ്ഞുങ്ങളെ കാണാനും ഫോട്ടോയെടുക്കാനും ആഗ്രഹിച്ച് നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. എന്നാല്‍ രാജമലയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും പ്രവേശന ടിക്കറ്റ് ലഭിക്കാതെ മടങ്ങുകയാണ്.  രാജമലയിൽ വരയാടുകളെ കാണാനായി ഒരു ദിവസം 2,300 പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ ഇവിടം സന്ദർശിക്കാൻ പതിനായിരത്തിലേറെ ആളുകൾ എത്തുന്നുണ്ട്.

മൂന്നാറിലെ സഞ്ചാരികളുടെ പ്രവാഹം വൈദ്യുതി വകുപ്പിന്റെ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള മൂന്നാര്‍ ഫ്‌ളവര്‍ഷോയിലും ദൃശ്യമാണെന്നു വ്യാപാരികള്‍ പറയുന്നു. പ്രതിദിനം പതിനായിരത്തോളം സഞ്ചാരികള്‍ പുഷ്പമേള കാണാനും എത്തുന്നുണ്ട്. സഞ്ചാരികളുടെ തിരക്കു പരിഗണിച്ച് മേയ് പതിനാലിന് അവസാനിപ്പിക്കാനിരുന്ന പുഷ്പമേള മേയ് 21 വരെ നീട്ടിയിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ