കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയിൽവച്ചു മർദിച്ചത്. നാട്ടുകാർ ബസ് തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ആംബുലൻസ് ഡ്രെെവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടൂറിസ്റ്റ് ബസ് ജീവനക്കാർക്കെതിരെ അതിശക്തമായ നടപടി വേണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു. അക്രമത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിറാജിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കഴുത്ത് വേദനയുണ്ടെന്നും ബന്ധു പറഞ്ഞു.

Read Also: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2’ മുപ്പതു ദിനം കടക്കുമ്പോള്‍

ഇന്ന് രാവിലെ 6.45 നാണ് സംഭവം നടന്നത്. മായനാട് സ്വദേശിയാണ് സിറാജ്. സൈഡ് കൊടുക്കാതിരുന്നതു ചോദ്യം ചെയ്തപ്പോൾ ബസിന്റെ ഡ്രൈവറും ക്ലീനറും ചേർന്ന് ആംബുലൻസ് ഡ്രൈവറെ വളരെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

കോഴിക്കോട്ടുനിന്ന് അടിവാരം ഭാഗത്ത് രോഗിയെ എത്തിച്ച് മടങ്ങവെ താമരശേരിയിൽ നിന്ന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണമെന്ന അറിയിപ്പ് കിട്ടിയതു പ്രകാരം വരികയായിരുന്നു സിറാജ്. പിന്നാലെ എത്തിയ ടൂറിസ്റ്റ് ബസ് ഹോണടിച്ച് മുന്നില്‍ കടക്കാന്‍ ശ്രമം നടത്തികൊണ്ടേയിരുന്നു. എന്നാൽ, ആംബുലൻസ് സെെഡ് കൊടുത്തില്ല. തുടർന്ന് ഈങ്ങാപ്പുഴയിൽവച്ച് ബസ് ജീവനക്കാർ ആംബുലൻസ് തടഞ്ഞു. ആംബുലൻസ് ഓടിക്കുകയായിരുന്ന സിറാജിനെ പുറത്തിറക്കി അതിക്രൂരമായി മർദിച്ചു. സംഭവത്തെത്തുടർന്ന് ടൂറിസ്റ്റ് ബസ് ക്ലീനര്‍ ലിജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.