കണ്ണൂർ: സ്വകാര്യ ബസ്സുകളെ അമിതമായി ആശ്രയിക്കുന്നവരാണ് കണ്ണൂരുകാർ. നഗരപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും സഞ്ചരിക്കുന്നതിന് സ്വകാര്യ ബസ്സുകളാണ് യാത്രക്കാർക്ക് ശരണം. യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ജില്ലയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ അനിശ്ചിതകാല സമരം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ജില്ലയിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജില്ലയിലെ ടൂറിസ്റ്റ് ബസ്സ് അസോസിയേഷൻ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ്.

ജില്ലയിലെ എല്ലാ ടൂറിസ്റ്റ് ബസ്സുകളും നിരത്തിലിറക്കിയാണ് ജനങ്ങൾക്ക് തുണയായത്. തിങ്കളാഴ്ച രാവിലെ മുതലാണ് ടൂറിസ്റ്റ് ബസ്സുകൾ സർവ്വീസ് നടത്തി തുടങ്ങിയത്. സാധാരണ ബസ് നിരക്ക് മാത്രമാണ് ഇവർ ഈടാക്കുന്നതും. മിനിമം ചാർജ്ജ് 7 രൂപ മാത്രം. ജില്ലയിലെ പ്രധാന നഗരങ്ങളായ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ ​എന്നിവിടങ്ങളിലേക്കാണ് സർവ്വീസ്. മലയോര മേഖലയിലെ ജനങ്ങൾക്ക് തുണയായി ഇരിട്ടി, പയ്യാവൂർ, ആലക്കോട് മേഖലയിലും ടൂറിസ്റ്റ് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

ജനങ്ങളെയും സർക്കാരിനെയും വെല്ലുവിളിച്ചു കൊണ്ട് സ്വകാര്യ ബസ്സുടമകൾ നടത്തി വരുന്ന അന്യായമായ ബസ്സ് പണിമുടക്കിനെതിരെ സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി കൊണ്ട് ജില്ലയിലെ ടൂറിസ്റ്റ് ബസ്സുകൾ ഇപ്പോഴത്തെ ഫെയർ സ്റ്റേജ് നിരക്കിൽ സർവീസ് നടത്തുമെന്ന് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരാവാഹികൾ ഐഇ മലയാളത്തോട് പറഞ്ഞു. സ്വകാര്യ ബസ്സ് ഉടമകളുടെ അനാവശ്യ സമരത്തിനെതിരെ പൊതുജനങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ​ പറഞ്ഞു.

സ്വകാര്യ ബസ്സ് സമരം തുടർന്നാൽ​ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് കോഴിക്കോട് പറഞ്ഞിരുന്നു. സമരം തുടര്‍ന്നാല്‍ ബസ്സുകള്‍ പിടിച്ചെടുക്കുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞാറാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നത്.

Read More: സ്വകാര്യ ബസ്സുകൾ പിടിച്ചെടുക്കാൻ സർക്കാർ; ബസ്സുടമകൾക്ക് നോട്ടീസ്

അതേസമയം, സമരം തുടരാനുള്ള തീരുമാനത്തില്‍ ബസ്സുടമകള്‍ക്കിടയില്‍ ഭിന്നതയുണ്ടായതായി സൂചനയുണ്ട്. ബസ്സുടമകളുടെ കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ