അടിമാലി: ഇടുക്കി അടിമാലിയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിയാന്‍ കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്ന് ആര്‍ടിഒ. രാത്രിയാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവഗണിച്ചതായും ആര്‍ടിഒ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വളാഞ്ചേരി റീജിയണല്‍ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മുനിയറയില്‍ വച്ച് അപകടത്തിൽപെട്ടത്. ഏകദേശം 70 അടി താഴ്ചയുള്ള കൊക്കയിലേക്കായിരുന്നു ബസ് മറിഞ്ഞത്. അപകടത്തില്‍ മലപ്പുറം സ്വദേശിയായ മില്‍ഹാജ് എന്ന കുട്ടിയാണ് മരണപ്പെട്ടു.
മില്‍ഹാജ് ബസിനടിയില്‍പ്പെട്ടു പോയതാണ് മരണത്തിനിടയാക്കിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് മില്‍ഹാജിനെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ രാവിലെ ആറ് മണിയോടെയാണ് മില്‍ഹാജിന്റെ മൃതദേഹം ബസിനടിയില്‍ നിന്ന് ലഭിച്ചത്.
ബസിലുണ്ടായിരുന്ന നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കുണ്ട്. വിദ്യാര്‍ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതര പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 1.15-നാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ ബസിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം മണിക്കൂറോളം നീണ്ടു നിന്നു.