തിരുവനന്തപുരം: മന്ത്രിക്ക് ആശവന്നാൽ എന്തു ചെയ്യും ദോശ ചുടും. മീശക്കാരൻ കേശവന് ദോശ തിന്നാനായിരുന്നു ആഗ്രഹമെങ്കിൽ ടൂറിസം മന്ത്രിക്ക് ദോശ ചുടാനായിരുന്നു ആഗ്രഹം. ദോശയുടെ ആശ കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടകനായി എത്തിയ മന്ത്രി തന്റെ നളനൈപ്യുണ്യം തെളിയിച്ചു. അതുകൊണ്ട് ഇനി ‘വേണ്ടി വന്നാൽ മന്ത്രി ദോശയും ചുടും’ എന്ന ചൊല്ല് ഉണ്ടായാൽ അത്ഭുതപ്പെടേണ്ട.
മന്ത്രി കടകംപളളി സുരേന്ദ്രനാണ് ദോശ ചുട്ട് കാണികളെ ഞെട്ടിച്ചത്. കലക്കി വച്ചിരുന്ന ദോശമാവ് ഒഴിച്ച് തട്ട് ദോശ ചുട്ടെടുത്ത് മന്ത്രി തന്റെ പാചകവൈഭവം പ്രകടിപ്പിച്ചു. ഷെഫിനുളള തൊപ്പിക്കുളളിൽ കയറി അടുപ്പിന് പിന്നിലെത്തിയ മന്ത്രി ഒന്നും രണ്ടുമല്ല എട്ട് ദോശയാണ് ചുട്ടെടുത്ത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവം തിരുവനന്തപുരം കനകക്കുന്നിലാണ് നടക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളാണ് മേളയിലുള്ളത്. 30 വരെ നടക്കുന്ന മേള ഉദ്ഘാടകനായി എത്തിയതായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്.
അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിരുന്ന കുടുംബശ്രീയുടെ ഭക്ഷ്യ സ്റ്റാള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദോശ ചുട്ട് ഏവരേയും അമ്പരപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രി നേരേ ഭക്ഷ്യസ്റ്റാളിലെത്തുകയായിരുന്നു. അവിടെ കുടുംബശ്രീക്കാര് നല്കിയ തൊപ്പിയും ധരിച്ച് ദോശക്കല്ലിനടുത്തെത്തി. കലക്കി വച്ചിരുന്ന ദോശമാവ് കല്ലിലേക്ക് കോരിയൊഴിച്ച് തട്ടു ദോശ ചുട്ടെടുത്തു. ചട്ടുകം കൊണ്ട് ദോശ തിരിച്ചിട്ട മന്ത്രിയെ കൈയ്യടിച്ച് കുടുംബശ്രീ പ്രവർത്തകർ പ്രോത്സാഹിപ്പിച്ചു.
ദോശ ചുട്ടതിനു ശേഷം കപ്പയും മുളകും മത്തിക്കറിയും വാങ്ങി കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.