തിരുവനന്തപുരം: വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ടൂറിസം വകുപ്പ് ഡയറക്ടര്‍ വി ആര് കൃഷ്ണ തേജയെ തസ്തികയില്‍നിന്ന് മാറ്റി. പട്ടികജാതി വികസന വകുപ്പ് ഡയരക്ടര്‍ സ്ഥാനത്തേക്കാണു മാറ്റം.
ലൈഫ് മിഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പി ബി നൂഹാണു പുതിയ ടൂറിസം വകുപ്പ് ഡയറക്ടര്‍. ലൈഫ് മിഷന് സി ഇ ഒയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
ടൂറിസം വകുപ്പിനു കീഴിലെ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും ജീവനക്കാര്‍, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്കുന്ന പരാതി പിന്‍വലിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ടൂറിസം ഡയരക്ടറുടെ സര്‍ക്കുലര്‍. ചിലര്‍ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ വകുപ്പിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
17നാണു ടൂറിസം ഡയരക്ടര്‍ വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് റദ്ദാക്കുകയും ഡയരക്ടറില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണു തസ്തികയില്‍നിന്നു മാറ്റിയത്.
സര്‍ക്കുലര്‍ ഇങ്ങനെ: ”ടൂറിസം വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും ജീവനക്കാര്‍, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്കുന്ന പരാതികള്‍ അന്വേഷണ ഘട്ടത്തില്‍ പിന്‍വലിക്കുകയോ ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയോ ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവും പ്രയത്നവും നഷ്ടപ്പെടുത്തുന്നു. മാത്രമല്ല, ചില ജീവനക്കാര്‍ തികച്ചും അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ വകുപ്പിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സ്ഥാപനമേധാവികള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.”

ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍നിന്ന് വ്യാപക പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെടുകയും ടൂറിസം ഡയരക്ടറോട് വിശദീകരണം തേടുകയും ചെയ്തത്. സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായതും വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കണ്ടാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്.
2018 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ വി ആര് കൃഷ്ണതേജ 2021 ഫെബ്രുവരിയിലാണു ടൂറിസം ഡയറക്ടറായി ചുമതലയേറ്റത്.