scorecardresearch
Latest News

Top News Highlights: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Top News Highlights പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

veena george, cpm, ie malayalam
Photo: Facebook/Veena George

Top News Highlights: ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മറ്റ് ജില്ലകളും ജാഗ്രത പുലര്‍ത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണം. തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷന്‍ പ്ലാനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി ഇതിന് വിനിയോഗിക്കണം. സംസ്ഥാനതലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അതത് സ്ഥലങ്ങളില്‍ നിന്നു തന്നെ നല്‍കേണ്ടതാണ്. ആഴ്ചയിലുള്ള റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.

Live Updates
20:24 (IST) 15 Nov 2022
പക്ഷിപ്പനി: കരുവാറ്റയില്‍ കള്ളിംഗ്

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ചകരുവാറ്റയിലെ തോട്ടുകടവില്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയും ഒന്നാം വാര്‍ഡിലെപാടശേഖരങ്ങളിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ നടന്നു. 8500 താറാവുകളെയാണ് കൊന്നൊടുക്കുന്നത്.

പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ്കള്ളിംഗ്‌നടത്തുന്നത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദുകള്ളിംഗ്‌ജോലികള്‍ക്ക് നേതൃത്വം നല്‍കി. കേന്ദ്ര സംഘവും ഈ പ്രദേശത്തു സന്ദര്‍ശനം നടത്തി. കള്ളിംഗ്‌നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും

19:40 (IST) 15 Nov 2022
ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന്‍, സ്റ്റെനിന്റെ വിധവയായ എ. ആശാ നെല്‍സണ്‍ എന്നിവര്‍ക്കാണ് നിയമനം ലഭിക്കുന്നത്. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള/ഉടന്‍ വരുന്ന ഒഴിവില്‍ നിയമനം നല്‍കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന് നഴ്സിംഗും സ്റ്റെനിന്റെ വിധവയായ ആശാ നെല്‍സണ് ബി.എസ്.സി. നഴ്സിംഗ് യോഗ്യതയുമുണ്ട്.

18:20 (IST) 15 Nov 2022
ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മറ്റ് ജില്ലകളും ജാഗ്രത പുലര്‍ത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണം. തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

17:42 (IST) 15 Nov 2022
മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണം: ‘ഗോള്‍ ചലഞ്ച്’ പരിപാടിക്ക് നാളെ തുടക്കം

മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള 'ഗോള്‍ ചലഞ്ച്' പരിപാടിക്ക് നാളെ തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ഗോളടിച്ച് പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും.

16:47 (IST) 15 Nov 2022
ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല; സുരേന്ദ്രന് മറുപടിയുമായി കെ.സുധാകരന്‍

ക്ഷണിക്കാതെ തന്നെ കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ ബി ജെ പിയിലേക്കു വരുമെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സുധാകരന്റെ ആര്‍ എസ് എസ് അനുകൂല നിലപാട് കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ മനസ്സാണെന്നും ബി ജെ പിയില്‍ ചേരുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ മനസ്സ് ബി.ജെ.പിക്കൊപ്പമാണെന്ന കെ. സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല.

എ.കെ.ജി സെന്ററില്‍ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുമെന്നും സുധാകാരന്‍ പറഞ്ഞു. ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു

14:57 (IST) 15 Nov 2022
‘ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്’; എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരിച്ച് ഗവര്‍ണര്‍

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും താന്‍ ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തനിക്കെതിരായ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവന്‍ മാര്‍ച്ചില്‍ നേരിട്ട് വിമര്‍ശനം ഉന്നയിക്കാതെയാണ് എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ എല്ലാവരും അവരുടെ പരിധിയില്‍ നില്‍ക്കണം. ജുഡീഷ്യറിയുടെ ഉത്തരവുകളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

| ‘ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്’; എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരിച്ച് ഗവര്‍ണര്‍

13:55 (IST) 15 Nov 2022
സുധാകരന്റെ പരാമർശങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് വിഡി സതീശൻ

ആർഎസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നടത്തിയ പ്രസ്താവനകൾ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുധാകരന്റെ പ്രസ്താവനകൾ കോൺഗ്രസ് പരിശോധിക്കും. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും സതീശൻ പറഞ്ഞു.

12:46 (IST) 15 Nov 2022
കോൺഗ്രസ് നേതാവും ടി.പി.കേസ് പബ്ലിക് പ്രോസിക്യൂട്ടറുമായ സി.കെ ശ്രീധരൻ സിപിഎമ്മിലേക്ക്

കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സി.കെ.ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു. 50 വർഷത്തെ കോൺഗ്രസ്‌ ബന്ധം അവസാനിപ്പിച്ചാണ് മുൻ ഡിസിസി പ്രസിഡന്റും ടി.പി.കേസ് പബ്ലിക് പ്രോസിക്യൂട്ടറുമായ ശ്രീധരൻ പാർട്ടി വിടുന്നത്‌. കോൺഗ്രസ് നേതൃത്വത്തിന്റെ സമീപകാല നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. Read More

12:45 (IST) 15 Nov 2022
മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെ?; കെ.സുരേന്ദ്രനെ വിമർശിച്ച് കോടതി

ഗവർണർക്കെതിരെ എൽഡിഎഫിന്റെ ആഭിമുഖ്യത്തിലുള്ള രാജ്ഭവൻ മാർച്ചിനെതിരെ സമർപ്പിച്ച ഹർജിയിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന് കോടതി വിമർശനം. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്ന് ആരാഞ്ഞ കോടതി മാർച്ച് തടയാൻ ആകില്ലെന്നും വ്യക്തമാക്കി. Read More

12:44 (IST) 15 Nov 2022
കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുന്നു: സീതാറാം യെച്ചൂരി

സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം സമാന സാഹചര്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്ന സാഹചര്യം കേരളത്തിനു പുറമേ തമിഴ്നാട്ടിലും ബംഗാളിലുമുണ്ട്. നിലവിലെ പ്രതിഷേധം വ്യക്തിപരമല്ല, നയങ്ങളോടാണ്. കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുന്നു. ഇപ്പോൾ നടക്കുന്നത് കേരത്തെ തകർക്കാനുള്ള ശ്രമമാണ്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് ഗവർണർ നടപ്പാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

11:44 (IST) 15 Nov 2022
സുധാകരന്റെ പരാമർശം: യുഡിഎഫിൽ പ്രതിഷേധം അറിയിക്കുമെന്ന് പി.എം.എ.സലാം

ആർഎസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശം യുഡിഎഫിന് വലിയ കേടുപാടുണ്ടാക്കിയതായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. അനവസര പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തിൽ മുസ്ലിം ലീഗിനുള്ള പ്രതിഷേധം യുഡിഎഫിൽ അറിയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

11:43 (IST) 15 Nov 2022
ചാൻസലറായി ​ഗവർണറെ അം​ഗീകരിക്കുന്ന പ്രശ്നമില്ലെന്ന് എം.വി.ഗോവിന്ദൻ

ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇനി ചാൻസലറായി ​ഗവർണറെ അം​ഗീകരിക്കുന്ന പ്രശ്നമില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

11:43 (IST) 15 Nov 2022
രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: കെ.സുരേന്ദ്രനെ വിമർശിച്ച് കോടതി

ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.

10:57 (IST) 15 Nov 2022
ഗവർണർക്കെതിരായ പ്രതിഷേധം: രാജ്ഭവനിലേക്ക് കൂറ്റൻ മാർച്ച്, പങ്കെടുത്ത് ആയിരങ്ങൾ

ഗവർണർക്കെതിരായ എൽഡിഎഫിന്റെ ആഭിമുഖ്യത്തിലുള്ള രാജ്ഭവൻ മാർച്ച് തുടങ്ങി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ.പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ.മാണി, മാത്യു ടി.തോമസ്‌, പി.സി.ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി.ജോസഫ്‌, കെ.ബി.ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

10:56 (IST) 15 Nov 2022
ആർഎസ്എസ് പരാമർശം: സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്.

Web Title: Top news live updates november 15