scorecardresearch

Top News Highlights: ‘ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ചട്ടുകം’; ലഘുലേഖകളുമായി എല്‍ഡിഎഫ്

ഗവര്‍ണര്‍ക്ക് ഭരണഘടനയെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്തു

Top News Highlights: ‘ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ചട്ടുകം’; ലഘുലേഖകളുമായി എല്‍ഡിഎഫ്

Top News Highlights: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരുമായുള്ള പോര് മുറുകന്നതിനിടെ പ്രതിരോധ നടപടികളുമായി എല്‍ഡിഎഫ്. ഗവര്‍ണര്‍ക്ക് ഭരണഘടനയെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖകള്‍. യൂണിവേഴ്സിറ്റികളിലെ നീക്കങ്ങള്‍ സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്. ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.

Live Updates
21:45 (IST) 8 Nov 2022
ഗവര്‍ണറുടെ ഹൈക്കോടതിയിലെനിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. വിജയ ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു.READMORE

21:40 (IST) 8 Nov 2022
ഇ ചന്ദ്രശേഖരനും പി പി സുനീറും സി പി ഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍; 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു

സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, പി പി സുനീര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കെ ആര്‍ ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. ഖജാന്‍ജിയായി കെ ആര്‍ ചന്ദ്രമോഹനനെയും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങള്‍: കാനം രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍, സത്യന്‍ മൊകേരി, ടി വി ബാലന്‍, പി വസന്തം, വി ചാമുണ്ണി, സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍, രാജാജി മാത്യു തോമസ്, കമലാ സദാനന്ദന്‍, കെ കെ അഷ്റഫ്, സി കെ ശശിധരന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരന്‍, കെ ആര്‍ ചന്ദ്രമോഹനന്‍, ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍, എന്‍ രാജന്‍. പുതിയ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ യോഗം ചേര്‍ന്ന് സ: സി പി മുരളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം എക്സിക്യൂട്ടീവിലെ എക്സ് ഒഫീഷ്യോ അംഗമാണ്. സ: വി എസ് പ്രിന്‍സിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

20:35 (IST) 8 Nov 2022
ഗിനിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ മോചിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

മധ്യ ആഫ്രിക്കയിലെ ഗിനിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 16 ഇന്ത്യന്‍ നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 12-ന് ആണ് അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് നോര്‍വീജിയന്‍ കപ്പലിനെ ഗിനി നാവികസേനയുടെ കപ്പല്‍ തടഞ്ഞുവച്ചതായി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

19:25 (IST) 8 Nov 2022
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി ആര്‍ എന്‍ സിംഗ് ചുമതലയേറ്റു

ദക്ഷിണ റെയില്‍വേയുടെ ജനറല്‍ മാനേജരായി ആര്‍ എന്‍ സിംഗ് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആര്‍എസ്ഇ കേഡറിലെ (ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് എഞ്ചിനീയേഴ്സ്) ഉദ്യോഗസ്ഥനായ ആര്‍ എന്‍ സിംഗ് ഡല്‍ഹി ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ഡിഎഫ്‌സിസിഐഎല്‍ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ തുടങ്ങി ഇന്ത്യന്‍ റെയില്‍വേയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സുപ്രധാന എക്സിക്യൂട്ടീവ്, മാനേജ്മെന്റ് പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ആര്‍.എന്‍. സിംഗ് റെയില്‍വേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, റെയില്‍വേ ബോര്‍ഡിലെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

18:30 (IST) 8 Nov 2022
ശ്രീനിവാസന്‍ വധക്കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍എഎ)യുടെ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നും റിപോര്‍ട്ടുണ്ട്. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസുമുണ്ട്.

16:44 (IST) 8 Nov 2022
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വി സിമാര്‍ക്കെതിരെ ഉടന്‍ നടപടി പാടില്ല: ഹൈക്കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിധി വരുന്നത് വരെ വി സിമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഗവര്‍ണര്‍ തന്നെ ക്രിമിനല്‍ എന്ന് വിളിച്ചെന്ന് കണ്ണൂര്‍ വി സി ചൂണ്ടികാട്ടിയപ്പോള്‍ അത് കോടതിക്ക പുറത്ത് പറഞ്ഞാല്‍ മതിയെന്നും പരസ്പരം ചെളിവാരിയെറിയാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ബെഞ്ച് താക്കീതു ചെയ്തു.

15:25 (IST) 8 Nov 2022
എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും കൂടി

എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂടി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1508 രൂപയായിരുന്നത് ഇപ്പോള്‍ വില 1748 രൂപയായി. 240 രൂപ ഇന്‍സന്റീവ് ഒഴിവാക്കിയതോടെയാണ് വില കൂടിയത്. വാണിജ്യ സിലിണ്ടറിന് വില കൂടിയത് ഹോട്ടല്‍ മേഖലയിലടക്കം ചിലവേറും.

13:58 (IST) 8 Nov 2022
ഗിനിയന്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ തടവില്‍

ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ നിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെ തടവിലാണെന്ന് സൂചന. ഇവരെ നേരത്തെ താമസിപ്പിച്ചിരുന്ന ഹോട്ടലിലേക്ക് മാറ്റുകയായിരുന്നെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ എല്ലാവരേയും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് സംഘത്തിലുള്ള കൊല്ലം സ്വദേശിയായ വിജിത്ത് വി നായര്‍ പറയുന്നു.

നേരത്തെ കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ സനു ജോസഫിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് കപ്പലില്‍ തിരിച്ചെത്തിച്ചു. സനുവിനെ കപ്പലില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് കപ്പലിലെ 15 ജീവനക്കാരെ മുറിയിലേക്ക് മാറ്റിയത്. മുറിക്ക് പുറത്ത് സെന്യത്തിന്റെ കാവലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

12:46 (IST) 8 Nov 2022
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാരിന് തിരിച്ചടി

സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറായി (വിസി) ഡോ. സിസ തോമസിന് ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തിട്ടുണ്ട്. ചാന്‍സലറായ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസിനും നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

12:06 (IST) 8 Nov 2022
അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടയ്ക്കണമെന്ന് ഹൈക്കോടതി

മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കുന്നത് വിലക്കില്ലെന്ന് ഹൈക്കോടതി. അന്തര്‍ സംസ്ഥാന ബസുടമകളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

11:09 (IST) 8 Nov 2022
കത്ത് വിവാദം: മേയര്‍ക്ക് നേരെ കരിങ്കൊടിയുമായി കെ എസ് യു; നഗരസഭയിലും പ്രതിഷേധം

കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവത്തില്‍ ഇന്നും പ്രതിഷേധം. മേയറുടെ വസതിയിലെത്തി കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിക്കാനെത്തിയ കെ എസ് യു പ്രവര്‍ത്തകന് മര്‍ദനമേറ്റു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് വിവരം.

മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ഓഫീസ് ഉപരോധിക്കുകയാണ്. മേയറുടെ ഓഫിസിന് മുന്നിലാണ് പ്രതിഷേധം. മേയറുടേയും ഡി ആര്‍ അനിലിന്റേയും രാജിക്കായി നഗരസഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നു.

10:32 (IST) 8 Nov 2022
‘ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ചട്ടുകം’; ലഘുലേഖകളുമായി എല്‍ഡിഎഫ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരുമായുള്ള പോര് മുറുകന്നതിനിടെ പ്രതിരോധ നടപടികളുമായി എല്‍ഡിഎഫ്. ഗവര്‍ണര്‍ക്ക് ഭരണഘടനയെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖകള്‍. യൂണിവേഴ്സിറ്റികളിലെ നീക്കങ്ങള്‍ സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്. ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.

Web Title: Top news live updates november 08