scorecardresearch
Live

Top News Highlights: തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

ഇന്നലെ രാത്രിയിലാണ് മൃതദേഹങ്ങള്‍ അയല്‍ക്കാര്‍ കാണുന്നത്

crime, ie malayalam

Top News Highlights: തൃശൂര്‍: തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആരെയും പകല്‍ പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചു. പിന്നീട് ഇന്നലെ രാത്രിയിലാണ് മൃതദേഹങ്ങള്‍ അയല്‍ക്കാര്‍ കാണുന്നത്. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു.കാറളം വിഎച്ച്എസ് സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

Live Updates
21:39 (IST) 15 Feb 2023
WT20 World Cup 2023: വിന്‍ഡീസിനെ വീഴ്ത്തി; ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം

വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. 32 പന്തില്‍ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ടോപ് സ്കോറര്‍.

ഹര്‍മന്‍പ്രീത് കൗര്‍ (32), ഷെഫാലി വര്‍മ (28), സ്മ്യതി മന്ദാന (10), ജമീമ റോഡ്രിഗസ് (1) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

21:14 (IST) 15 Feb 2023
നടന്‍ കാലടി ജയന്‍ അന്തരിച്ചു

സിനിമ, സീരിയൽ, നാടക നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

21:12 (IST) 15 Feb 2023
നടന്‍ കാലടി ജയന്‍ അന്തരിച്ചു

സിനിമ, സീരിയൽ, നാടക നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

20:22 (IST) 15 Feb 2023
WT20 World Cup 2023: സ്റ്റാറായി ദീപ്തി ശര്‍മ; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം

വനിത ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 118 റണ്‍സെടുത്തത്. മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബോളിങ് നിരയില്‍ തിളങ്ങിയത്.

19:42 (IST) 15 Feb 2023
ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്നു; എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏത് തീപിടിത്തമായാലും ഉടന്‍ തന്നെ വിവരം അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിരക്ഷാ വകുപ്പിനെ 131 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം.

https://malayalam.indianexpress.com/kerala-news/cm-pinarayi-vijayan-warns-people-as-heat-increases-in-the-state-754288/

19:01 (IST) 15 Feb 2023
ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കർ 5 ദിവസം ഇ ഡി കസ്റ്റഡിയിൽ

ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി അഞ്ചു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടു. ശിവശങ്കറെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം. 10 ദിവസത്തെ കസ്റ്റഡിയാണ് ഇ ഡി തേടിയത്.

ശിവശങ്കർ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം, തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ഇന്നലെ 12 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തതായി ശിവശങ്കർ കോടതിയെ അറിയിച്ചു. ഇതു ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി. കൃത്യമായി ഭക്ഷണം കഴിക്കാനായില്ല.

17:47 (IST) 15 Feb 2023
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: പരാതിക്കാരി ഒത്തുതീര്‍പ്പിന് തയാറായെന്ന് ഉണ്ണി മുകുന്ദന്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ആരോപണവിധേയനും നടനുമായ ഉണ്ണി മുകുന്ദന്‍. വ്യാജ സത്യവാങ്മൂലമാണ് നല്‍കിയതെന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരിയുടെ ആരോപണം കള്ളമാണെന്നും ഉണ്ണി മുകുന്ദന്‍ കോടതിയില്‍ വ്യക്തമാക്കി.

പരാതിക്കാരി ഇ-മെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് അറിയിച്ചതായും ഉണ്ണി മുകുന്ദന്‍ അവകാശപ്പെട്ടു. പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കയ്യിലുണ്ടെന്ന് ഉണ്ണിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

17:08 (IST) 15 Feb 2023
ലൈഫ് മിഷന്‍ – ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഒഴിയണമെന്ന് കെ.സുരേന്ദ്രന്‍

തൃശൂര്‍: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി നടന്നായാളാണ് ശിവശങ്കരന്‍. ലൈഫ് മിഷന്‍ കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അസാധാരണ ഇടപെടലുകളാണ് നടത്തിയത്. വിജിലന്‍സിനെ കൊണ്ട് ഫയലുകള്‍ പിടിച്ചെടുത്തും ജൂഡിഷ്യല്‍ അന്വേഷണം നടത്തിയും അന്വേഷണത്തിനെതിരെ തട്ടിപ്പുകാരനായ സന്തോഷ് ഈപ്പന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നും അന്വേഷണത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സുരേന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

15:38 (IST) 15 Feb 2023
ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഫെബ്രുവരി 16 രാത്രി 8.30 വരെ 1.3 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

14:32 (IST) 15 Feb 2023
വമ്പന്‍ സ്രാവുകള്‍ പുറത്ത്; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. ലൈഫ് മിഷന്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചു. സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് ബെംഗ്ലൂരുവില്‍ പറഞ്ഞു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവ ശങ്കരനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. Readmore

13:24 (IST) 15 Feb 2023
അദാനി വിവാദം: അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളുടെ വെളിച്ചത്തില്‍ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഹര്‍ജി ഫെബ്രുവരി 17 ന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. Readmore

12:11 (IST) 15 Feb 2023
അദാനി ഗ്രൂപ്പിനെതിരായ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് ആര്‍ബിഐക്കും സെബിക്കും കത്തയച്ച് കോണ്‍ഗ്രസ്

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്(ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും കത്തയച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് .Readmore

11:13 (IST) 15 Feb 2023
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ്മ (22)യാണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

10:34 (IST) 15 Feb 2023
കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം: കേരളം അടക്കം വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. Readmore

09:58 (IST) 15 Feb 2023
തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആരെയും പകല്‍ പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചു. പിന്നീട് ഇന്നലെ രാത്രിയിലാണ് മൃതദേഹങ്ങള്‍ അയല്‍ക്കാര്‍ കാണുന്നത്. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു.കാറളം വിഎച്ച്എസ് സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

Web Title: Top news live updates february 15