Top News Highlights: കൊച്ചി: കൊച്ചി നഗരത്തിൽ പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ വധശ്രമം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പെൺകുട്ടികളിൽ ഒരാൾ യുവാവുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും പെട്ടെന്ന് പ്രകോപിതനായ യുവാവ് വാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ടാമത്തെ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കഴുത്തിന് വെട്ടേറ്റില്ല. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി
മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നു. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റാണ് നിർമ്മിക്കുന്നത്. ഇതിനായി 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറക്കി. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദേശം നിലനിൽക്കെയാണ് പുതിയ തീരുമാനം.
ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റി. അര്‍ബുദ ബാധിതനായ പെലെ കീമോതെറാപ്പിയോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ബ്രസീലിലെ സാവൊ പോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് പെലെ.
82-കാരനായ പെലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്. പ്രായക്കൂടുതലയാതിനാല് കൂടുതല്‍ ചികിത്സകളിലേക്ക് കടക്കാന്‍ കഴിയില്ലെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ബുദ പുനപരിശോധനയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തിയതായാണ് വിവരം. പ്രസ്തുത സാഹചര്യത്തില്‍ കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായാണിത്.
142 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കേണ്ടി വരും. കഴിഞ്ഞ മാസം ഒന്‍പതാം തീയതിയും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡാം തുറക്കേണ്ട സാഹചര്യ ഉണ്ടായില്ല. കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി ഡാം തുറന്നത്.
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ(ഐ എഫ് എഫ് ഐ) സമാപനവേദിയില്‍ ജൂറി ചെയര്മാന് നദവ് ലാപിഡ് ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനൊപ്പം നില്ക്കുന്നതായി സഹ വിദേശ ജൂറി അംഗങ്ങള്‍. താനും രണ്ടു സഹ ജൂറിമാരും നദവ് ലാപിഡിനൊപ്പം നില്ക്കുന്നതായി ബാഫ്റ്റ ജേതാവ് ജിങ്കോ ഗോട്ടോ വ്യക്തമാക്കി.
‘ദി കശ്മീര്‍ ഫയല്‍സ്’ പ്രചാരവേല ചിത്രമാണെന്നായിരുന്നു നദവ് ലാപിഡ് ഐ എഫ് എഫ് ഐ സമാപനവേദിയില്‍ പറഞ്ഞത്. ഈ അഭിപ്രായത്തിനൊപ്പമാണു തങ്ങളെന്നു ജിങ്കോ ഗോട്ടോയും പാസ്കേല്‍ ചാവന്സും ഹാവിയര്‍ അംഗുലോ ബാര്തുറനും ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഗോട്ടോയുടെ ട്വിറ്റര്‍ ഹാന്ഡിലിലാണു പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും യുണൈറ്റഡ് എയെ്ന്‍സ്റ്റ് ഹേറ്റ് അംഗം ഖാലിദ് സെയ്ഫിയെയും വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തമാക്കി. അതേസമയം, യു എ പിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
2020ലെ കലാപവുമായി ബന്ധപ്പെട്ട് ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കുറ്റവിമുക്തമാക്കിയത്. ഖാലിദ് സെയ്ഫിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കേസില്‍ വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല
കോവിഡിനു മുന്‍പുള്ള പന്ത്രണ്ടാം ക്ലാസ് പ്രകടന മാനദണ്ഡം അടുത്ത വര്‍ഷത്തെ പ്രവേശനത്തിനായി തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) തീരുമാനം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസിനു വിവരം ലഭിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം കണക്കിലെടുത്ത് ബോര്‍ഡ് പരീക്ഷകളിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തില്‍ 2020-ല്‍ ഐ ഐ ടികള്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് സ്കൂള്‍ ലീവിങ് പരീക്ഷകള്‍ ഉപേക്ഷിക്കാനും പകരം ബദല്‍ മൂല്യനിര്‍ണയ പദ്ധതികള്‍ കൊണ്ടുവരാനും നിരവധി ദേശീയ, സംസ്ഥാന ബോര്‍ഡുകളെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
പ്രശസ്ത നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ശാരീരിര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കെ എസ് പ്രേംകുമാർ എന്നാണ് യഥാർത്ഥ പേര്.
നാടകത്തിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമൻ 250 ത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു നിറങ്ങളാണ് ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തിളക്കം, കല്യാണരാമൻ, പട്ടാഭിഷേകം, ഇൻ ഗോസ്റ്റ് ഹൗസ്, നല്ലവൻ, മൈ ബിഗ് ഫാദർ തുടങ്ങി അനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.
തെലങ്കാനയിലെ 'ഓപ്പറേഷന് താമര'യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്കി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്കി യിരിക്കുന്നത്.
പ്രശസ്ത ദാർശികനും എഴുത്തുകാരനും വാഗ്മിയുമായ ഫാ.അബ്രഹാം അടപ്പൂർ എസ്.ജെ (96) അന്തരിച്ചു. ഇന്നു രാവിലെ 11 ന് ക്രൈസ്റ്റ് ഹാളിലായിരുന്നു അന്ത്യം. സംസ്കാരം മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കും.
ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ല. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. നാളെയാണ് അടൂരിൽ പരിപാടി നടക്കുന്നത്.
വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി സംശയിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്. തീവ്രവാദ സംഘടനകൾ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനെയാണ് കാട്ടാന അടിച്ച് കൊലപ്പെടുത്തിയത്
ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
കോഴിക്കോട് കോർപറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽനിന്ന് കോടികൾ തട്ടിയെടുത്ത മാനേജർ എം.പി.റിജിലിനായുള്ള അന്വേഷണം തുടരുന്നു. റിജിൽ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. Read More
കോൺഗ്രസ് എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.എം.ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂർ സന്ദർശിക്കും. Read More
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്നും പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പു തന്നോട് ഇക്കാര്യം പറഞ്ഞെന്നുമായിരുന്നു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ഈ മൊഴിയാണ് മാറ്റിയത്. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് അഡീ.മജിസ്ട്രേറ്റിനു മുന്നിൽ പ്രശാന്ത് രഹസ്യ മൊഴി നൽകിയത്. Read More
കഴക്കൂട്ടം ആകാശപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റി അറിയിച്ചതിനാലാണ് നവംബറിൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ക്രെഡിറ്റ് അടിച്ചു മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം. ആദ്യദിനം തന്നെ 3000 മീറ്ററില്‍ പാലക്കാട് മൂന്നു സ്വര്‍ണം നേടി. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങൾ.