Top News Highlights: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. 2016 ല്‍ നടന്ന ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായ് യാത്രയിൽ എടുക്കാൻ മറന്ന ബാഗേജ്, പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം എത്തിച്ചു നൽകിയിരുന്നോ എന്നാ കോൺഗ്രസ് എംഎൽഎമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറവിരോഗം സംഭവിച്ച ആളെപോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. എൽഡിഎഫ് ചെയ്ത പോലുള്ള ഹീനമായ പ്രവർത്തിയൊന്നും കോൺഗ്രസ് ചെയ്തിട്ടില്ലെന്നും പിണറായിൽ നിന്ന് സഭാ ചട്ടങ്ങൾ പഠിക്കാൻ യുഡിഎഫിന് ആഗ്രഹമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നും വിശദീകരിച്ച കാര്യം വീണ്ടും ചോദിച്ചത് കൊണ്ടാണ് മാധ്യമപ്രവർത്തകനോട് കയർത്തതെന്നും സതീശൻ പറഞ്ഞു. ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണെന്നും വിഡി സതീശൻ പറഞ്ഞു. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയാമോ? ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായികേസ് അന്വേഷിക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സഭ നടപടികൾ തടസ്സപ്പെടുത്തിയതു മന്ത്രിമാരാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ വേണ്ടിത്തന്നെയാണ് പ്രതിപക്ഷം നോട്ടിസ് നൽകിയത്. ഭരണപക്ഷം മാന്യതയില്ലാതെ പെരുമാറിയതുകൊണ്ടാണ് അടിയന്തര പ്രമേയം വേണ്ടെന്നുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഭ ടിവി സിപിഎം ടിവി ആകേണ്ടതില്ല. ഇനങ്ങനെയാണെങ്കിൽ സഭാ ടിവി ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമങ്ങളോട് കടക്കു പുറത്തെന്ന്
നിയമസഭയിലെ പ്രതിപക്ഷ സമരത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിലുണ്ടാകാത്ത കാര്യങ്ങളാണ് ഇന്ന് ഉണ്ടായെതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം വല്ലാത്ത അസഹിഷ്ണുത കാണിച്ചു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യോത്തരവേള തസ്സപ്പെടുത്തിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞില്ല. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സർക്കാർ മറുപടി നൽകിയേനെ, അത് ഒഴിവാക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന കുതന്ത്രങ്ങളുടെ മറ്റൊരു പതിപ്പാണ് നിയമസഭയിൽ കണ്ടത്. കലാപവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ ആരും ന്യായീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ സിപിഎം നേതൃത്വം ഉൾപ്പെടെ അതിനെ തള്ളിപ്പറയുകയാണ് ചെയ്തതത്. ആക്രമത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. സഭാ നടപടികൾ നിർത്തിവച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. സഭയിൽ ഭരണപക്ഷവും പരസ്പരം കൂവി വിളിക്കുകയും ആർപ്പു വിളിക്കുകയും ചെയ്തു.
സഭയ്ക്കുള്ളില്‍ യുഡിഎഫ് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ഥന തള്ളി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ നിര്‍ത്തിവക്കുകയായിരുന്നു. കറുത്ത ഷർട്ടും മാസ്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ സഭയിലെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി. സിദ്ദിഖ് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ വ്യക്താക്കിയിരുന്നു.
അതേസമയം, നിയസഭയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സ്വന്തം നിലയിൽ മാധ്യമങ്ങൾക്ക് സഭാ നടപടികൾ പകർത്തുന്നതിനുള്ള അനുമതിയും നിഷേധിച്ചിരുന്നു. പിആർഡിയും സഭാ ടിവിയും നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നത്.
പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇത്തവണ സമരം നടക്കുന്നത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതും സ്വർണക്കടത്തു കേസിലെ സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളും ചർച്ചയാകും. തൃക്കാക്കര തിരഞ്ഞെടുപ്പ് തോൽവിയിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയേക്കും.
വൈദ്യുതി നിരക്ക് വർധന, ബഫർ സോൺ വിഷയത്തിലെ സർക്കാർ നിലപാട്, എന്നിവയ്ക്കൊപ്പം സിൽവർ ലൈൻ പദ്ധതിയിൽ നിന്നുള്ള സർക്കാരിന്റെ പിന്നോട്ട് പോക്ക് ഉൾപ്പടെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.അതേസമയം, മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധമുൾപ്പടെയുള്ള കാര്യങ്ങൾ ഭരണപക്ഷവും സഭയിൽ ഉയത്തിക്കാട്ടാൻ ഇടയുണ്ട്.
രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ക്ക് ആശ്വാസം. അയോഗ്യത നോട്ടീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മറുപടി നല്‍കാനുള്ള സമയം സുപ്രീം കോടതി നീട്ടി നല്കി. അടുത്ത മാസം 12 തീയതി വരെയാണ് സമയം.
സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിജയ് ബാബു. എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണത്തിനോട് 100 ശതമാനവും സഹകരിക്കുന്നുണ്ട്. അവസാനം സത്യം വിജയിക്കും, വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Vijaybabuofficial/posts/567015991460664
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്ത്. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ളതാണു ശബ്ദരേഖ. കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും എന്ത് പരിഹാരത്തിനും തയാറാണെന്നുമാണ് വിജയ് ബാബുവെന്നു കരുതുന്നയാൾ പരാതിക്കാരിയുടെ ബന്ധുവിനോട് ഫോണിൽ പറയുന്നത്.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഡിജിപി മനോജ് എബ്രഹാം. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപിക്കാണ്. മാനന്തവാടി ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി സ്പീക്കര്‍ എം ബി രാജേഷ്. ആശയകുഴപ്പം സംഭവിച്ചിരുന്നു. എന്നാൽ കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടെന്നും ആശയക്കുഴപ്പമുണ്ടായത് മാധ്യമ വിലക്കായി കാണിച്ചത് ശരിയായില്ലെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ മാധ്യമ വിലക്ക് എന്ന പ്രചാരണം സംഘടിതവും ആസൂത്രിതവുമാണെന്നും പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ പാസ് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. പാസ് ഉള്ളവർക്ക് താൽകാലിക ബുദ്ധിമുട്ടാണ് ഉണ്ടായത്. അത് അപ്പോൾ തന്നെ പരിഹരിച്ചെന്നും സ്പീക്കർ വ്യക്തമാക്കി. നിയമസഭയില്‍ ഭരണ–പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭാ ടി.വി കാണിച്ചിട്ടില്ല. സഭാ നടപടികൾ മാത്രമാണ് കാണിക്കുന്നത്. രാജ്യസഭാ ടിവിയുടെ മാതൃകയിലാണ് പ്രവർത്തനം. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെടാതിരുന്നതാണ് അദ്ദേഹത്തെ കാണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമതനീക്കം നടത്തിയ അഞ്ച് മന്ത്രിമാരുടെയും നാല് സഹമന്ത്രിമാരുടെയും വകുപ്പുകൾ മറ്റുള്ളവർക്ക് കൈമാറാറി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ നഗരവികസന, പൊതുമരാമത്ത് (പൊതു സംരംഭങ്ങൾ) വകുപ്പുകൾ സുഭാഷ് ദേശായിക്കും ഗുലാബ്രാവു രഘുനാഥ് പാട്ടീലിന്റെ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ വകുപ്പ് അനിൽ ദത്താത്രയ പരബിനും നൽകി.
സന്ദീപൻ ഭുംറെയുടെ (സേന) യുടെ ഇജിഎസ്, ഹോർട്ടികൾച്ചർവകുപ്പുകൾ, ഉദയ് സാമന്ത് (സേന) വഹിക്കുന്ന ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകൾ മുഖ്യമന്ത്രിയുടെ മകനും പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ എന്നിവർക്കൊപ്പമാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ എത്തിയത്.
പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണിയായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവരെ ഇറക്കിവിടുമെന്ന് ഭീഷണിയായി പറയുന്നത് ആദ്യമായി നടക്കുന്നതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസാരിക്കുന്നവരുടെ താൽപര്യത്തിനല്ല മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതിനു പിന്നാലെ കൈ അറുത്തുമാറ്റും എന്ന ആക്രോശവുമായി പലരും ഇറങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം നിലത്തിട്ടത് ആരുടെ കുബുദ്ധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിയുടെ ചിത്രം താഴെ ഇട്ടവർ ഗാന്ധി ശിഷ്യർ താനെയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു മാധ്യമം ആദ്യം പുറത്തുവിട്ട ദൃശ്യങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നു. പിന്നീട് ഓഫീസിനുള്ളിൽ ഉണ്ടായിരുന്നത് കോൺഗ്രസ് പ്രവർത്തകർ മാത്രമാണ്. ഗോഡ്സെ പ്രായോഗികമായി ചെയ്തത് കോൺഗ്രസ് പ്രതീകാത്മകമായി ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ ആരും ന്യായീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. വയനാട്ടിലെ സിപിഎം നേതൃത്വം ഉൾപ്പെടെ അതിനെ തള്ളിപ്പറയുകയാണ് ചെയ്തതത്. ആക്രമത്തിൽ പങ്കെടുത്തവരെ എല്ലാവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതുവരെയുണ്ടാകാത്ത കാര്യങ്ങളാണ് ഇന്ന് സഭയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം വല്ലാത്ത അസഹിഷ്ണുത കാണിച്ചു. ചോദ്യോത്തര വേള തസ്സപ്പെടുത്തിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ല. സർക്കാർ മറുപടി നൽകിയേനെ, അത് ഒഴിവാക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന കുതന്ത്രങ്ങളുടെ മറ്റൊരു പതിപ്പാണ് നിയമസഭയിൽ കണ്ടത്. കലാപവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാകും ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഹൈക്കോടതി നിർദേശ പ്രകാരമാകും ചോദ്യം ചെയ്യൽ. പ്രതിയുമായി തെളിവെടുപ്പും നടത്തും.
മാധ്യമങ്ങളെ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യ നീതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളർന്നു വന്ന് നിലനിൽക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകൾ ചമച്ച് ഇടതു നേതാക്കളെ അവർ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്. ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്ക്കെതിരെ നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പോലും ജനങ്ങളിലെത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വളർത്തിയെടുത്തവർ ജനങ്ങൾക്കെതിരേ മാത്രമല്ല ,നിങ്ങൾക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു. കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച് ഗൾഫിൽ നിന്നെത്തിയ സിദ്ദിഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം. പിന്നീട് ഞായറാഴ്ച് രാത്രി ഒരു സംഘം ഇയാളെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണത്തിൽ പ്രവേശിപ്പിച്ച സിദ്ദിഖ് മരിച്ചെന്ന് മനസിലാക്കിയ സ്റ്റാഫുകൾ ഇത് പറയാൻ വന്നപ്പോഴേക്കും ആശുപത്രിയിൽ എത്തിച്ചവർ കടന്നു കളഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.
നിയമസഭയിൽ ആസൂത്രിത സംഘർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഘർഷമുണ്ടാക്കാനായി മന്ത്രിമാർ ഉൾപ്പെടെ പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് അദ്ദേഹം പറഞ്ഞു. സഭാ നടപടികൾ നിർത്തിവെച്ചതിനു പിന്നാലെ പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 17,073 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 27ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇത്. നിലവിൽ 92,576 രോഗികളാണ് ചികിത്സയിൽ ഉള്ളത്.
മഹാരാഷ്ട്രയിലെ വിമത എംഎഎൽമാരുടെ പോരാട്ടം സുപ്രീംകോടതിയിലേക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെയും അദ്ദേഹത്തിന്റെ ക്യാമ്പിലെ 15 എംഎൽഎമാരുടെയും ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. ഷിൻഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി (എസ്എസ്എൽപി) നേതാവായി അംഗീകരിച്ച ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന്റെ തീരുമാനത്തെയും ഷിൻഡെയ്ക്കും 15 എംഎൽഎമാർക്കും അയോഗ്യതാ നോട്ടീസ് നൽകിയതിനെയും ചോദ്യം ചെയ്താണ് ഹർജികൾ. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസിനെ തഴുകിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. ഞായറാഴ്ച രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ചൊവ്വല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നു മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാകും ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഹൈക്കോടതി നിർദേശ പ്രകാരമാകും ചോദ്യം ചെയ്യൽ. പ്രതിയുമായി തെളിവെടുപ്പും നടത്തിയേക്കും.