scorecardresearch
Latest News

Top News Highlights: കലക്ടര്‍ അവധി പ്രഖ്യാപിച്ചത് വൈകി; നടപടിക്കെതിരെ ഹൈക്കോടതിയല്‍ ഹര്‍ജി

Top News Highlights: വൈകി അവധി പ്രഖ്യപിച്ചതിനെക്കുറിച്ച് കലക്ടറിൽ നിന്ന് വിശദീകണം ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്

Top News Highlights: കലക്ടര്‍ അവധി പ്രഖ്യാപിച്ചത് വൈകി; നടപടിക്കെതിരെ ഹൈക്കോടതിയല്‍ ഹര്‍ജി

Top News Highlights: കൊച്ചി: സ്കൂൾ അവധി പ്രഖ്യാപനത്തിന് കൃത്യമായ മാനദണ്ഡവും വ്യക്തതയും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. എറണാകുളം ജില്ലാ കലക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കള്‍ക്കും സ്കൂൾ അധികൃതർക്കുമുണ്ടായ ആശയക്കുഴപ്പത്തിൻ്റെ പശ്ചാത്തലത്തിലാണ് ഹർജി.

വൈകി അവധി പ്രഖ്യപിച്ചതിനെക്കുറിച്ച് കലക്ടറിൽ നിന്ന് വിശദീകണം ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവധി പ്രഖ്യാപനത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും ഹർജി ആവശ്യപ്പെടുന്നു. അഡ്വ എം ആർ ധനിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ഇ.ഡി നോട്ടിസ് കിട്ടി, എന്താണ് ലക്ഷ്യം എന്ന് അറിയില്ല: ഡോ. തോമസ് ഐസക്

കിഫ്ബി ഇടപാടിൽ വീണ്ടും എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. എന്താണ് ഇ.ഡിയുടെ ലക്ഷ്യം എന്ന് അറിയില്ല. നിയമനടപടി എന്തെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നൽകുന്നത്.

Live Updates
22:11 (IST) 4 Aug 2022
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഡാം നാളെ തുറന്നേക്കും

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കില്‍ ഡാം നാളെ രാവിലെ 10 മണിക്ക് തുറന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ജലനിരപ്പ് 136 അടിയെത്തിയപ്പോള്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ജലനിരപ്പ് പരമാവധി കുറച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാട് വകുപ്പ് മന്ത്രി ദുരൈമുരുകന് കത്തയച്ചു.

22:02 (IST) 4 Aug 2022
അടിമാലി കുമളി ദേശിയപാതയിൽ ഗതാഗത നിയന്ത്രണം

അടിമാലി കുമളി ദേശിയപാതയിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

20:47 (IST) 4 Aug 2022
കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ജി പ്രതാപവര്‍മ തമ്പാന്‍ (63) അന്തരിച്ചു. വീട്ടില്‍ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരുക്കേറ്റതിനെത്തുടര്‍ന്നാണ് അന്ത്യം. ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

20:18 (IST) 4 Aug 2022
മഴക്കെടുതിയില്‍ 20 മരണം, 6,285 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലും മഴ തുടരും, അതിനാല്‍ മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://malayalam.indianexpress.com/kerala-news/kerala-rains-20-deaths-so-far-6285-in-relief-camps-says-pinarayi-vijayan-681281/

19:57 (IST) 4 Aug 2022
ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകൾ 2.5 സെ.മീ ഉയർത്തി 20 സെ.മീ ആക്കി. കുറുമാലിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറിത്താമസിക്കാൻ തയ്യാറാകണം.

19:37 (IST) 4 Aug 2022
മലമ്പുഴ ഡാം നാളെ തുറന്നേക്കും

വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം നാളെ തുറക്കാൻ സാധ്യതയുണ്ടെന്നു പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നു വൈകിട്ട് ആറിന് 112.06 മീറ്ററാണ് ജലനിരപ്പ്. ഇത് റൂൾ കർവ് ലെവൽ എത്താൻ സാധ്യതയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ രാവിലെ ഒമ്പതിന് സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. ഇതുമൂലം പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും മീൻപിടുത്തക്കാരും പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.

19:19 (IST) 4 Aug 2022
മഴക്കെടുതി: രണ്ടു വീടുകൾ കൂടി പൂർണമായി തകർന്നു; 39 വീടുകൾക്ക് കേടുപാട്

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടു വീടുകൾകൂടി പൂർണമായും 39 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 32 ആയി. 237 വീടുകൾ ഭാഗീകമായും തകർന്നു.

18:25 (IST) 4 Aug 2022
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എംജി സര്‍വകലാശാല നാളെ ന‍ടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

17:17 (IST) 4 Aug 2022
കലക്ടര്‍ അവധി പ്രഖ്യാപിച്ചത് വൈകി; നടപടിക്കെതിരെ ഹൈക്കോടതിയല്‍ ഹര്‍ജി

സ്കൂൾ അവധി പ്രഖ്യാപനത്തിന് കൃത്യമായ മാനദണ്ഡവും വ്യക്തതയും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. എറണാകുളം ജില്ലാ കലക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കള്‍ക്കും സ്കൂൾ അധികൃതർക്കുമുണ്ടായ ആശയക്കുഴപ്പത്തിൻ്റെ പശ്ചാത്തലത്തിലാണ് ഹർജി.

വൈകി അവധി പ്രഖ്യപിച്ചതിനെക്കുറിച്ച് കലക്ടറിൽ നിന്ന് വിശദീകണം ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവധി പ്രഖ്യാപനത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും ഹർജി ആവശ്യപ്പെടുന്നു. അഡ്വ എം ആർ ധനിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

16:57 (IST) 4 Aug 2022
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രത; ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറണം

ഷോളയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഗണ്യമായി ഉയരുന്നു. നിലവില്‍ ചാലക്കുടി പുഴയില്‍ 1.5 മീറ്റര്‍ ജലനിരപ്പ് ഉയരുമെന്നാണ് വിവരം. രാത്രിയോടെ കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യത പരിഗണിച്ച് കനത്ത ജാഗ്രതയാണ് പ്രദേശത്ത്. ചാലക്കുടി പുഴയുടെ തീരത്ത് ഇന്ന് രാത്രി തുടരുന്ന സുരക്ഷിതമല്ലെന്നാണ് റവന്യു മന്ത്രി കെ രാജന്‍ വ്യക്തിമാക്കിയത്. രേഖകളും ആവശ്യമായ വസ്തുക്കളുമായി ജനങ്ങള്‍ ക്യാമ്പിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.

16:33 (IST) 4 Aug 2022
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട്. കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടിയെതെന്നാണ് വിവരം. പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

15:31 (IST) 4 Aug 2022
പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍. ഇവയ്‌ക്കെതിരെ വളരെ ശ്രദ്ധ വേണം. മാത്രമല്ല കോവിഡില്‍ നിന്നും പൂര്‍ണമുക്തരല്ല. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും. ക്യാമ്പുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

14:28 (IST) 4 Aug 2022
ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം : മുഖ്യമന്ത്രി

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .

കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കുക

എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.

ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

കേരളത്തിൽ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. അടിയന്തിര സഹായങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1077 ൽ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

14:03 (IST) 4 Aug 2022
ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കുറമാലിപ്പുഴയിലെ ജലനിരപ്പ് വാണിങ് ലെവലിനു മുകളിലാണ്. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ആയതിനാൽ കുറുമാലി പുഴയുടെ തീരത്തുള്ളവർ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.

14:02 (IST) 4 Aug 2022
ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റാൻ പ്രത്യേക തയാറെടുപ്പ്: മന്ത്രി കെ. രാജൻ

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകൾ സീൽചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കും. ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തയാറാക്കിനിർത്തും. വ്യോമ, നാവിക സേനകൾ തയാറായി നിൽക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഉണ്ട്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. അനാവശ്യമായി അറിവില്ലാത്ത കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്. ഇതിനെതിരേ കർശന നടപടിയെടുക്കും.

13:27 (IST) 4 Aug 2022
ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യും: മന്ത്രി എം.വി.ഗോവിന്ദന്‍

കണ്ണൂർ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ മന്ത്രി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തി. ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന്  മന്ത്രി അറിയിച്ചു. കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്.നിരവിധി വീടുകള്‍ക്ക് കേടുപാട് പറ്റി.

12:22 (IST) 4 Aug 2022
ആലുവയില്‍ കൂറ്റന്‍ മരം കടപുഴകിവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

ശക്തമായ മഴയിൽ ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു. ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകി വീണത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. Read More

11:29 (IST) 4 Aug 2022
ചാലക്കുടി പുഴയില്‍ വെള്ളം ഉയരും; പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്നും പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്. ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

11:13 (IST) 4 Aug 2022
പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഏഴു സിനിമകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. Read More

10:27 (IST) 4 Aug 2022
ജാഗ്രതാ നിർദേശം

പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

09:05 (IST) 4 Aug 2022
ആളിയാര്‍ ഡാം തുറന്നു

ജലനിരപ്പ് 1047 അടി പിന്നിട്ടതിന് തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.

09:04 (IST) 4 Aug 2022
മഴ: ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലകയിലെ ഒരു താലൂക്കിലും ഇന്ന് അവധിയാണ്. Read More

09:03 (IST) 4 Aug 2022
ഇന്നും ശക്തമായ മഴ, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Web Title: Top news live updates 04 august 2022 kerala