ന്യൂഡൽഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ സംഭാവന നല്‍കിയതിന് പിന്നാലെ മറ്റൊരു മുന്‍കൈ എടുത്ത് ജസ്റ്റിസ് കെഎം ജോസഫ്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെഎം ജോസഫ് പാട്ട് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഒരു മലയാളം പാട്ടും ഹിന്ദി പാട്ടുമാണ് ജോസഫ് പാടുക.

തിങ്കളാഴ്ച്ചയാണ് പരിപാടി നടക്കുന്നത്. സുപ്രിംകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമീപകാലത്ത് ഇതാദ്യമായാണ് സുപ്രീം കോടതിയിലെ ഒരു ജഡ്ജി പൊതുപരിപാടിയിൽ പാടുന്നത്. ഹിന്ദി പിന്നണിഗായകൻ മോഹിത് ചൗഹാനും ഈ ചടങ്ങിൽ പാടുന്നുണ്ട്. വളർന്നു വരുന്ന നർത്തകി കീർത്തന ഹരീഷ് ചടങ്ങിൽ നൃത്തവും അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. നേരത്തേ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ സംഭാവന നല്‍കിയിരുന്നു. ഒരു കേസിന്റെ വിചാരണക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അറിയിക്കുകയായിരുന്നു. അറ്റോര്‍ണി ജനറല്‍ വി വി വേണുഗോപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു.അദ്ദേഹമാണ് കേരളത്തിലെ പ്രളയത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.