തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

നാളെ (മാർച്ച് 3) സംസ്ഥാനതലത്തിൽ ഡോക്ടർമാർ വഞ്ചനാ ദിനവും തുടർന്നുളള ദിവസങ്ങളിൽ കരിദിനവും ആചരിക്കും. നാളെ എല്ലാ മെഡിക്കൽ കോളേജിലും പ്രിൻസിപ്പൽ ഓഫിസിനു മുന്നിലും തിരുവനന്തപുരത്തു ഡിഎംഇ ഓഫിസിനു മുന്നിലും പ്രതിഷേധജാഥയും ധർണയും നടത്തും. വിഐപി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ബഹിഷ്‌കരിക്കും. മാര്‍ച്ച് 10നു സെക്രട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച് 17ന് ഒരു ദിവസം 24 മണിക്കൂർ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.

Read More: രാജ്യത്ത് 12,286 പേർക്ക് കൂടി കോവിഡ്; ആകെ രോഗബാധിതർ 1.11 കോടി

2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുമ്പ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായി. എന്നാൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതേതുടർന്നാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

ഡോക്ടർമാർക്ക് കുടിശിക ആയി കിട്ടാനുള്ള ശമ്പളവും അലവൻസുകളും പൂർണ്ണമായി നൽകാത്തത് പ്രതിഷേർധാർഹമാണ്. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും കാലതാമസം കൂടാതെ ശമ്പള വർധന നൽകി. എന്നാൽ സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നൽകിയില്ലെന്ന് കെജിഎംസിടിഎ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.