തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ബിജെപി സമരപ്പന്തലിന് മുന്നിലെ മധ്യവയസ്കന്റെ ആത്മഹത്യ ശ്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ഈ മണ്ഡല കാലം തുടങ്ങിയതിന് ശേഷം ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകള്‍ നടത്തുന്ന നാലാമത്തെ ഹർത്താലാണിത്. ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു നേരത്തെ നടത്തിയ സംസ്ഥാന വ്യാപക ഹർത്താല്‍. ഇത് കൂടാതെ മധ്യവയസ്കന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനംതിട്ടയില്‍ മാത്രമായും കഴിഞ്ഞ ദിവസം ബിജെപി-യുവമോർച്ച മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തി ചാർജിനെതിരെ തിരുവനന്തപുരം ജില്ലയില്‍ മാത്രമായും ഹർത്താലുകള്‍ നടത്തിയിരുന്നു.

ഹർത്താല്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 21ലേക്ക് മാറ്റി. നാളത്തെ ഹയർ സെക്കന്‍ഡറി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഇന്നു പുലർച്ചെയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാൽ നായർ ആത്മഹത്യക്ക് ശ്രമിച്ചത്. പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം ഇയാൾ സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു. ബിജെപി പ്രവർത്തകരും പൊലീസും ചേർന്ന് ഇയാളെ തടയാനും തീ അണയ്ക്കാനും ശ്രമം നടത്തി. ശരീരമാസകലം ഗുരുതരമായി പൊളളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശബരിമല വിഷയത്തിൽ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് ബിജെപി-യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ​ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.