കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോടതി മാറ്റണമെന്ന കേസിൽ വിജിലൻസ് നിലപാട് അറിയിച്ചില്ല. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന തച്ചങ്കരിയുടെ ഹർജിയിലാണ് വിജിലൻസ് നിലപാട് അറിയിക്കാതെ ഉരുണ്ടുകളിക്കുന്നത്. ഹർജിയെ വിജിലൻസ് എതിർത്തില്ല.
നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വിജിലൻസ് സത്യവാങ്മൂലം നൽകിയിട്ടില്ല. കോടതി മാറ്റം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്. ഇതോടെ തച്ചങ്കരിയുടെ ഹർജി കോടതി വിധി പറയാൻ മാറ്റി. ഡിജിപി ലോക്നാഥ് ബഹ്റയാണ് വിജിലൻസിന്റെ ചുമതലയും വഹിക്കുന്നത്.
സ്വത്ത് സമ്പാദന കേസിൽ മൂവാറ്റുപുഴ കോടതിയിൽനിന്ന് എന്തെങ്കിലും പ്രതികൂല പരാമർശമുണ്ടായാൽ ഔദ്യോഗിക തലത്തിൽ ബാധിക്കുമെന്ന ആശങ്കയാണ് തച്ചങ്കരിയുടെ കോടതിമാറ്റ ഹർജിക്ക് പിന്നിൽ. സംസ്ഥാനത്ത് ഡിജിപി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥരിൽ ഒരാളാണ് തച്ചങ്കരി. ലോക്നാഥ് ബഹ്റ ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവിസിലേക്ക് മടങ്ങിയാൽ തച്ചങ്കരി ഡിജിപി തസ്തികയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
സുപ്രീം കോടതി നിർദേശകാരം സെൻകുമാറിന് ഡിജിപി പദവി തിരികെ നൽകിയപ്പോൾ തച്ചങ്കരിയെ ഡിജിപി ആസ്ഥാനത്ത് അഡ്മിനിസ്ട്രക്ഷന്റെ ചുമതലയിൽ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി വന്നതോടെ ഗത്യന്തരമില്ലാതെ പദവിയിൽ നിന്ന് സർക്കാർ നീക്കുകയായിരുന്നു. ആരോപണ വിധേയനെ എന്തടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന് കോടതി ചോദിച്ചതോടെ തച്ചങ്കരിയെ മാറ്റാമെന്ന് കോടതിയിൽ ഉറപ്പുനൽകി സർക്കാർ തടിയൂരുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്കെതിരെ മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. ജസ്റ്റിസ് കലാം പാഷയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി.
ഗായകൻ എം ജി ശ്രീകുമാർ ചട്ടം ലംഘിച്ച് ബോൾഗാട്ടിയിൽ വീട് നിർമിച്ചതിനെതിരായ കേസ് എഴുതിത്തള്ളി വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് കലാം പാഷ, കേസ് അനുവദിച്ചാൽ ഈ കോടതി മരിച്ചെന്ന് കരുതിയാൽ മതിയെന്ന് പരാമർശം നടത്തിയിരുന്നു. കോടതിയുടെ കർക്കശ നിലപാടുകളാണ് തച്ചങ്കരിയെ അങ്കലാപ്പിലാക്കിയിരിക്കുന്നതെന്നാണ് സൂചന.
മരട് ഫ്ലാറ്റ് കേസിലെ അന്വേഷണത്തിന്റെ മറവിലാണ് തച്ചങ്കരിയുടെ കോടതിമാറ്റ ഹർജി. തനിക്കെതിരെയുള്ള അനധികൃതസ്വത്ത് സമ്പാദന കേസ് മൂവാറ്റുപുഴ കോടതിയിൽ ഉണ്ടന്നും ഇതിനിടെ മരട് ഫ്ലാറ്റ് കേസിലെ അഴിമതി തന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും തച്ചങ്കരി ഹൈക്കോടതിയിലെ ഹർജിയിൽ പറയുന്നു. താൻ പ്രതിയായ കേസ് കോടതിയിൽ നിലനിൽക്കെ, മറ്റൊരു അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ അതേ കോടതിയിൽ എത്തുന്നത് ഗുരുതര സ്ഥിതി വിശേഷം ഉണ്ടാക്കുമെന്നും കോടതിയെക്കുറിച്ച് മുൻവിധിക്ക് കാരണമാവുമെന്നും ഹർജയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഹർജി മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം.
തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 – 2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്.
കോടതി കേസ് പരിഗണിച്ച ആറ് തവണയും തച്ചങ്കരി കോടതിയിൽ ഹാജരായില്ല. ഇക്കാര്യം പരാതിക്കാരൻ ഉന്നയിച്ചതിനെത്തുടർന്ന് 2017 ജൂലൈ 25 ന് തച്ചങ്കരി നേരിട്ട് കോടതിയിൽ ഹാജരാവുകയായിരുന്നു. ജോസഫിന്റെ പരാതിയിൽ 2007 ജൂലൈ അഞ്ചിന് തച്ചങ്കരിയുടെ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോ അടക്കം ആറിടങ്ങളിൽ റെയ്ഡ് നടത്തിയാണ് വിജിലൻസ് കേസെടുത്തത്.