തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്നാൽ ഏതെങ്കിലും തസ്തികയിലേക്ക് അദ്ദേഹത്തെ നിയമിച്ചിട്ടില്ല. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി നൽകി അദ്ദേഹത്തെ വൈകാതെ തന്നെ നിയമിക്കുമെന്നാണ് സൂചന. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിന്‍ ജെ തച്ചങ്കരി. റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്ക് തച്ചങ്കരിയെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി. നേരത്തെ ലോക്‌നാഥ് ബെഹ്റ ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലേക്ക് മടങ്ങുമെന്ന അഭ്യൂവഹങ്ങൾക്കിടയിൽ ഡിജിപി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത തച്ചങ്കരിക്കായിരുന്നു.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി, ട്രാൻസ്‌പോർട് കമ്മിഷണർ, അഗ്നിശമനസേനാ മേധാവി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലൻസ് കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 – 2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.