കൊച്ചി: തനിക്കെതിരായ സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയിൽ. തന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാണ് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസ് കേസിൽ അന്വേഷണ ഏജൻസിയുടെ നിലപാട് തേടി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്കെതിരെ മുവാറ്റുപുഴ കോടതിയിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. കലാം പാഷയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി. കേസിന്റെ വിചാരണയ്‌ക്കിടെ എന്തെങ്കിലും പ്രതികൂല പരാമർശം ഉണ്ടായാൽ ഔദ്യോഗിതലത്തിൽ തിരിച്ചടിയാവുമെന്ന ആശങ്കയാണ് കോടതിമാറ്റണമെന്ന തച്ചങ്കരിയുടെ ആവശ്യത്തിനു പിന്നിൽ.

ഗായകൻ എം.ജി.ശ്രീകുമാർ ചട്ടംലംഘിച്ച് ബോൾഗാട്ടിയിൽ വീട് നിർമിച്ചതിനെതിരായ കേസ് എഴുതിത്തള്ളി വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിഗണിച്ച കലാം പാഷ, ഈ കേസ് അനുവദിച്ചാൽ ഈ കോടതി മരിച്ചെന്ന് കരുതിയാൽ മതിയെന്ന് പരാമർശം നടത്തിയിരുന്നു.

Read Also: ഷെയ്ൻ നിഗമിന് വിലക്ക്; നിലപാട് കടുപ്പിച്ച് നിർമാതാക്കളുടെ സംഘടന

മരട് ഫ്ലാറ്റ് കേസിലെ അന്വേഷണത്തിന്റെ മറവിലാണ് തച്ചങ്കരിയുടെ കോടതിമാറ്റ ഹർജി. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് മൂവാറ്റുപുഴ കോടതിയിലുണ്ടെന്നും ഇതിനിടെ മരട് ഫ്ലാറ്റ് കേസിലെ അഴിമതി തന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും തച്ചങ്കരി ഹൈക്കോടതിയിലെ ഹർജിയിൽ പറയുന്നു. താൻ പ്രതിയായ കേസ് കോടതിയിൽ നിലനിൽക്കെ, മറ്റൊരു അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ അതേ കോടതിയിൽ എത്തുന്നത് ഗുരുതര സ്ഥിതി വിശേഷം ഉണ്ടാക്കുമെന്നും കോടതിയെക്കുറിച്ച് മുൻവിധിക്ക് കാരണമാവുമെന്നും ഹർജയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഹർജി മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം.

തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് 2003-2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്. കോടതി കേസ് പരിഗണിച്ച ആറ് തവണയും തച്ചങ്കരി കോടതിയിൽ ഹാജരായില്ല. ഇക്കാര്യം പരാതിക്കാരൻ ഉന്നയിച്ചതിനെത്തുടർന്ന് 2017 ജൂലൈ 25 ന് തച്ചങ്കരി കോടതിയിൽ ഹാജരാവുകയായിരുന്നു.

ജോസഫിന്റെ പരാതിയിൽ 2007 ജൂലൈ അഞ്ചിന് തച്ചങ്കരിയുടെ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോ അടക്കം ആറിടങ്ങളിൽ റെയ്‌ഡ് നടത്തിയാണ് വിജിലൻസ് കേസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.