തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ നീക്കി. കെഎസ്ആർടിസിയുടെ അധിക ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശിന് നൽകി.
തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ താത്പര്യ കുറവുമാണ് എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റുന്നതിലേക്ക് നയിച്ചത്. എന്നിരുന്നാലും കെഎസ്ആർടിസിയ്ക്ക് 25 വർഷത്തിനിടെ സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളവും പെൻഷനും നൽകാൻ തക്ക പ്രാപ്തിയിലേക്ക് എത്തിച്ചത് തച്ചങ്കരിയുടെ നേട്ടമായി.
എംപാനൽ ജീവനക്കാരെ ഒഴിവാക്കി പുതിയ നിയമനം നടത്തേണ്ടി വന്നതും, കെഎസ്ആർടിസി മാന്വലിനെ വകവയ്ക്കാതെ ഡ്യൂട്ടി സമ്പ്രദായം പരിഷ്കരിക്കാൻ ശ്രമിച്ചതും തൊഴിലാളി സംഘടനകളുടെ അപ്രീതിക്ക് കാരണമായി. മാനേജ്മെന്റിനെ നിരന്തരം സമ്മർദ്ദത്തിലാക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും തരിമ്പ് പോലും വിട്ടുകൊടുക്കാൻ എംഡിയും തയ്യാറായിരുന്നില്ല.
നിരവധി സമരങ്ങളാണ് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി എംഡിക്ക് എതിരെ നടത്തിയത്. ഏറ്റവും ഒടുവിൽ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി വിലക്കുണ്ടായിട്ടും മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ച തൊഴിലാളികളെ ഗതാഗത മന്ത്രിയാണ് അനുനയിപ്പിച്ചത്.